പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നരേന്ദ്ര മോദിയെ 'വളരെ നല്ല സുഹൃത്ത്' എന്ന് വിളിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തെ പ്രശംസിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യയും പാകിസ്ഥാനും 'വളരെ നന്നായി ഒരുമിച്ച് മുന്നോട്ടുപോകുമെന്ന' ശുഭാപ്തിവിശ്വാസവും ട്രംപ് പ്രകടിപ്പിച്ചു.
ഈജിപ്തിലെ ഷാം എല്‍ ഷെയ്ഖ് ഉച്ചകോടിയില്‍ സംസാരിക്കവെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമര്‍ശിച്ചുകൊണ്ട് ട്രംപ് പറഞ്ഞു,
''ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്, അതിന്റെ തലപ്പത്ത് എന്റെ വളരെ നല്ലൊരു സുഹൃത്തുണ്ട്, അദ്ദേഹം മികച്ച കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്.'' ''പാകിസ്ഥാനും ഇന്ത്യയും വളരെ നന്നായി ഒരുമിച്ച് മുന്നോട്ടുപോകാന്‍ പോകുന്നു, അല്ലേ?'' തൊട്ടുപിന്നില്‍ നിന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനോട് ട്രംപ് ചോദിക്കുകയും ചോദ്യത്തിന് അദ്ദേഹം പുഞ്ചിരിക്കുകയും ചെയ്തു. ''എന്നെ സംബന്ധിച്ചിടത്തോളം അവര്‍ രണ്ടും മഹത്തായ നേതാക്കന്മാരാണ്,'' ട്രംപ് പറഞ്ഞു.