ഭൂട്ടാനില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് നേരിട്ട് വിളിപ്പിച്ചേക്കും. ദുല്‍ഖര്‍ സമര്‍പ്പിച്ച രേഖകളില്‍ പരിശോധന തുടരുന്നതിനിടെയാണിത്. ദുല്‍ഖറിന്റെ അപേക്ഷയില്‍ ഏഴു ദിവസത്തിനകം തീരുമാനമെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വിട്ടു നല്‍കണമെന്നാണ് ദുല്‍ഖറിന്റെ ആവശ്യം. ദുല്‍ഖറിന്റെ അപേക്ഷ കസ്റ്റംസ് അപ്പലേറ്റ് അതോറിറ്റിയായ അഡീഷണല്‍ കമ്മീഷണര്‍ പരിഗണിക്കും.
കസ്റ്റംസ് നിയമത്തിലെ സെക്ഷന്‍ 110 എ പ്രകാരം അന്വേഷണപരിധിയിലുള്ള വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടു നല്‍കാന്‍ കഴിയും. വാഹനം വിട്ട് നല്‍കുന്നില്ലെങ്കില്‍ അതിന്റെ കാരണം കസ്റ്റംസ് രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ദുല്‍ഖര്‍ ഉള്‍പ്പെടെ താരങ്ങളുടെ വീട്ടില്‍ റെയ്ഡ് സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. ഇതില്‍ ഡിഫന്‍ഡര്‍ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ദുല്‍ഖറിന് ആശ്വാസ വിധിയായിരുന്നു കോടതിയില്‍ നിന്നുണ്ടായത്.
ദുല്‍ഖറിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്നായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും കാര്‍ ഡീലര്‍മാരുടെ ഓഫീസ്, ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറര്‍ ഫിലിംസ് എന്നിവിടങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് രേഖകള്‍ പിടച്ചെടുത്തിരുന്നു.