ട്രാന്‍സ്‌ജെന്‍ഡര്‍ സഹജീവനക്കാരനൊപ്പം ചേഞ്ചിംഗ് റൂം ഉപയോഗിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ നാല് നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക ലംഘനത്തില്‍ അന്വേഷണം. പുരുഷനായി ജനിക്കുകയും, സ്ത്രീയായി സ്വയം ഐഡന്റിഫൈ ചെയ്യുകയും ചെയ്യുന്ന റോസ് ഹെന്‍ഡേഴ്‌സന് മുന്നില്‍ വെച്ച് വസ്ത്രം മാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ നഴ്‌സുമാര്‍ക്ക് എതിരെയാണ് നടപടി.
വനിതയായി സ്വയം അവകാശപ്പെടുന്നുണ്ടെങ്കിലും സര്‍ജറിക്ക് വിധേയമാകുകയോ, ഹോര്‍മോണല്‍ ട്രാന്‍സിഷന്‍ ചെയ്യുകയോ ചെയ്യാത്ത ആളാണ് റോസ് ഹെന്‍ഡേഴ്‌സണ്‍. ഇത് മുന്‍നിര്‍ത്തിയാണ് വനിതാ നഴ്‌സുമാര്‍ ആശങ്ക അറിയിച്ചത്. എന്നാല്‍ ഇതിന്റെ പേരില്‍ ബെതാനി ഹച്ചിസണ്‍, ലിസാ ലോക്കി, ആനിസ് ഗ്രണ്ടി, ട്രേസി കൂപ്പര്‍ എന്നീ നഴ്‌സുമാരാണ് അന്വേഷണം നേരിടുന്നത്.
ആശങ്ക അറിയിച്ചെങ്കിലും കൂടുതല്‍ തുറന്ന മനസ്സ് സ്വീകരിക്കാനാണ് കൗണ്ടി ഡുര്‍ഹാം & ഡാര്‍ലിംഗ്ടണ്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ഉപദേശിച്ചത്. ഇതിനെതിരെ ലൈംഗിക പീഡനത്തിനും, വിവേചനത്തിനും നഴ്‌സുമാര്‍ ട്രസ്റ്റിനെതിരെ പരാതിയും നല്‍കി.
ഇപ്പോള്‍ ഈ നഴ്‌സുമാര്‍ക്കെതിരെ നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ മുന്‍പാകെയാണ് പരാതി എത്തിയിരിക്കുന്നത്. നാല് പരാതികളാണ് പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും എന്‍എംസിക്ക് ലഭിച്ചത്. ഇതോടെയാണ് ഇവര്‍ക്കെതിരെ പ്രൊഫഷണല്‍ അച്ചടക്ക ലംഘനത്തിന് അന്വേഷണം വരുന്നത്.