റിയാദില്‍ വാടക വര്‍ധനവിന് തടയിടാന്‍ പുതിയ നിയമം ; ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ
റിയാദില്‍ അനിയന്ത്രിതമായി വര്‍ധിച്ചിരുന്ന കെട്ടിട വാടകയ്ക്ക് തടയിടുന്നതിന്റെ ഭാഗമായി അഞ്ചു വര്‍ഷത്തേക്ക് വാടക വര്‍ധന നിര്‍ത്തിവെച്ച നിയമത്തിന് പിന്നാലെ റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി വാടക ലംഘനങ്ങളുടെ പുതിയ പട്ടിക പരിഷ്‌കരിച്ചു. വാടകക്കാരനും കെട്ടിട ഉടമയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചുള്ള നിയന്ത്രണ വ്യവസ്ഥകളുടേയും ലംഘനങ്ങളുടേയും പട്ടികയാണ് അതോറിറ്റി പുതുക്കി പ്രസിദ്ധീകരിച്ചത്. ഏകദേശം 20 ദിവസം മുമ്പ് മന്ത്രിസഭ അംഗീകരിച്ച രാജകീയ ഉത്തരവ് പ്രകാരം റിയാദിലെ നിലവിലുള്ളതും പുതിയതുമായ റസിഡന്‍ഷ്യല്‍ കൊമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ക്കും വസ്തുവകകള്‍ക്കുമുള്ള പാട്ടക്കാലാവധിയിലെ വാര്‍ഷിക വാടക വര്‍ധനവിന് അഞ്ചു വര്‍ഷത്തെ മോറട്ടോറിയം നിലവില്‍ വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് വാടകക്കാരനും കെട്ടിട ഉടമയും തമ്മിലുള്ള ബന്ധം കൂടുതല്‍ സുതാര്യമാക്കുന്നതിനുള്ള കരട് പട്ടിക അതോറിറ്റി പുറത്തിറക്കിയത്.