ടൂറിസം മേഖലയില്‍ സൗദി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കും

ടൂറിസം മേഖലയില്‍ സൗദി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കും
സൗദിയില്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായി ടൂറിസം മേഖലയില്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നു. സൗദി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നടപടികള്‍ക്ക് ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖതീബ് അംഗീകാരം നല്‍കി. ടൂറിസം മേഖലയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികളെ തീരുമാനം ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

രാജ്യത്തെ ടൂറിസം മേഖലയില്‍ സ്വദേശിവല്‍ക്കരണം ലക്ഷ്യമിട്ട് കര്‍ശനമായ നിയമങ്ങളാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഇതുപ്രകാരം എല്ലാ ടൂറിസം ഹോസ്പിറ്റാലിറ്റി കേന്ദ്രങ്ങളിലും ജോലി സമയത്ത് ഒരു സ്വദേശി റിസപ്ഷനിസ്റ്റ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ടൂറിസ്റ്റ് സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരുടെയും വിവരങ്ങള്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

സീസണുകളില്‍ നിയമിക്കപ്പെടുന്ന താല്‍ക്കാലിക ജീനനക്കാരുടെ കരാറുകള്‍ 'അജീര്‍' പ്ലാറ്റ്‌ഫോം വഴിയോ മറ്റ് അംഗീകൃത പ്ലാറ്റ്‌ഫോമുകള്‍ വഴിയോ രേഖപ്പെടുത്തണമന്നും പുതിയ നിയമത്തില്‍ പറയുന്നു. രാജ്യത്തിന് പുറത്തുള്ള സ്ഥാപനങ്ങള്‍ക്കോ തൊഴിലാളികള്‍ക്കോ സൗദിവല്‍ക്കരണ നയങ്ങള്‍ക്ക് വിരുദ്ധമായി ഔട്ട്‌സോഴ്‌സിങ് ജോലികള്‍ നല്‍കാനാകില്ല. ഇത്തരം ജോലികള്‍ ടൂറിസം മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്കോ, സൗദികളെ നിയമിക്കാന്‍ ലൈസന്‍സ് നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ക്കോ മാത്രമേ നല്‍കാന്‍ പാടുള്ളുമെന്നും നിയമം വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends