ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി പറഞ്ഞ് പഠിപ്പിച്ചതെന്ന് നിഗമനം, ബെംഗളൂരു യാത്രയ്ക്ക് ടിക്കറ്റ് എടുത്തു നല്‍കിയത് തട്ടിപ്പുസംഘം

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി പറഞ്ഞ് പഠിപ്പിച്ചതെന്ന് നിഗമനം, ബെംഗളൂരു യാത്രയ്ക്ക് ടിക്കറ്റ് എടുത്തു നല്‍കിയത് തട്ടിപ്പുസംഘം
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ മൊഴികളില്‍ വൈരുധ്യം. പോറ്റി ദേവസ്വം വിജിലന്‍സിന് നല്‍കിയ മൊഴി കേരളത്തിന് പുറത്തുള്ള തട്ടിപ്പ് സംഘം പറഞ്ഞു പഠിപ്പിച്ചതെന്ന നിഗമനത്തില്‍ പ്രത്യേക അന്വേഷണ സംഘം. അന്വേഷണം നടക്കുന്നതിനിടെ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയ്ക്ക് പുറമെ ബെംഗളൂരുവും സന്ദര്‍ശിച്ചു. ഇതിനുള്ള വിമാനടിക്കറ്റ് തട്ടിപ്പ് സംഘമാണ് എടുത്ത് നല്‍കിയതെന്ന് പോറ്റി മൊഴി നല്‍കി. ഈ യാത്രയില്‍ പോറ്റി ആരെയെല്ലാം കണ്ടെന്നും എവിടെയെല്ലാം പോയെന്നും അന്വേഷിക്കുകയാണ് എസ്ഐടി.

പോറ്റിയെ സഹായിച്ച സുഹൃത്തുക്കള്‍, ദേവസ്വം ഉദ്യോഗസ്ഥര്‍ തുടങ്ങിയവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കയാണ് അന്വേഷണ സംഘം.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഗൂഢാലോചന നടത്തിയത് അഞ്ചംഗ സംഘമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയിരുന്നു. ബെംഗളൂരുവിലെ ഗൂഢാലോചനയില്‍ കേരളത്തിലെ ഉന്നതര്‍ക്കും പങ്കുണ്ടെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്.

പോറ്റിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആഭരണരൂപത്തിലുള്ള സ്വര്‍ണവും ഭൂമി ഇടപാട് സംബന്ധിച്ച രേഖകളും പിടിച്ചെടുത്തിരുന്നു. സ്വര്‍ണം ആഭരണങ്ങളുടെ രൂപത്തിലാണെങ്കില്‍ കൂടി ഇതിനൊന്നും കൃത്യമായ രേഖകളില്ല. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണമാണോ ഇത്തരത്തില്‍ സൂക്ഷിച്ചതെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. പിടിച്ചെടുത്തവ തങ്ങള്‍ ഉപയോഗിക്കുന്ന സ്വര്‍ണാഭരണങ്ങളാണെന്നാണ് കുടുംബം അന്വേഷണ സംഘത്തോട് പറഞ്ഞത്. പിടിച്ചെടുത്തതില്‍ കോടികളുടെ ഭൂമിയിടപാട് രേഖകളുമുണ്ട്.

സ്വര്‍ണക്കൈമാറ്റത്തിന്റെ പ്രതിഫലമായാണ് ഭൂമിക്കൈമാറ്റങ്ങള്‍ നടന്നതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പും നടത്തും. നിയമവിരുദ്ധമായി പലിശയ്ക്ക് പണം കൊടുക്കുന്ന ഏര്‍പ്പാടും പോറ്റിക്കുണ്ടായിരുന്നു. ഇതോട് അനുബന്ധിച്ച് കൈക്കലാക്കിയ നിരവധി ആധാരങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.

Other News in this category



4malayalees Recommends