വീണ്ടും അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ ഇന്നലെയും സംസാരിച്ചെന്നും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറയ്ക്കുമെന്ന് മോദി ഉറപ്പുനല്‍കിയെന്നും ട്രംപ് ആവര്‍ത്തിച്ചു. ഇന്ത്യയുടെ നിലപാട് യുക്രെയ്നിലെ സമാധാനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ താന്‍ സമാധാനം സ്ഥാപിക്കാന്‍ ഇടപെട്ടെന്ന അവകാശവാദവും അദ്ദേഹം വീണ്ടും ഉന്നയിച്ചു. വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ ചൊവ്വാഴ്ച നടന്ന ദീപാവലി ആഘോഷ പരിപാടിയില്‍ വിളക്ക് കൊളുത്തിയ ശേഷമാണ് ട്രംപ് അവകാശവാദങ്ങള്‍ ആവര്‍ത്തിച്ചത്. യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് ക്വാത്രയും അദ്ദേഹത്തിന്റെ ഇന്ത്യന്‍ വംശജരായ ഉന്നത സഹായികളായ എഫ്ബിഐ മേധാവി കാഷ് പട്ടേല്‍, ഇന്റലിജന്‍സ് മേധാവി തുളസി ഗബ്ബാര്‍ഡ്, ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, പ്രമുഖ ഇന്ത്യന്‍ അമേരിക്കന്‍ ബിസിനസ് നേതാക്കള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പ്രധാനമന്ത്രി മോദി തന്റെ ' മികച്ച സുഹൃത്താണെന്ന് ട്രംപ് പറഞ്ഞു. ചൊവ്വാഴ്ച താന്‍ മോദിയുമായി ഫോണില്‍ സംസാരിച്ചുവെന്നും അവകാശപ്പെട്ടു. ഇന്ന് ഞാന്‍ നിങ്ങളുടെ പ്രധാനമന്ത്രിയുമായി സംസാരിച്ചു. വ്യാപാരത്തെക്കുറിച്ചും പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചുവെന്നും ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.