രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു ; കോണ്‍ക്രീറ്റിട്ടത് രാവിലെ ; സുരക്ഷാ വീഴ്ചയെന്ന് ആരോപണം

രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു ; കോണ്‍ക്രീറ്റിട്ടത് രാവിലെ ; സുരക്ഷാ വീഴ്ചയെന്ന് ആരോപണം
രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ ഹെലിപാഡിലാണ് സംഭവം. ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റിലേക്ക് താഴ്ന്നുപോവുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സുമെത്തി ഹെലികോപ്റ്റര്‍ തളളി നീക്കി. നിലയ്ക്കലെ ലാന്‍ഡിംഗ് മാറ്റിയതോടെ ഇന്ന് രാവിലെയാണ് പ്രമാടത്ത് കോണ്‍ക്രീറ്റ് ഇട്ടത്. കോണ്‍ക്രീറ്റ് ഉറയ്ക്കുന്നതിന് മുന്‍പേ തന്നെ ഹെലികോപ്റ്റര്‍ വന്നിറങ്ങിയതാണ് തറ താഴാന്‍ കാരണമായത്. സംഭവം ഗുരുതര സുരക്ഷാവീഴ്ച്ചയാണ് എന്ന ആരോപണമുയരുന്നുണ്ട്.

രാഷ്ട്രപതി ശബരിമല യാത്രയ്ക്കായി ആദ്യം നിലയ്ക്കലില്‍ ഹെലികോപ്റ്റര്‍ ഇറങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ മഴയടക്കമുളള പ്രതികൂല കാലാവസ്ഥ പരിഗണിച്ച് അവസാന നിമിഷം ലാന്‍ഡിംഗ് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. രാവിലെ ഏഴരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ദ്രൗപതി മുര്‍മു ഹെലികോപ്റ്ററില്‍ പത്തനംതിട്ടയിലെത്തി. നിശ്ചയിച്ചതിലും നേരത്തെയായിരുന്നു രാഷ്ട്രപതിയുടെ യാത്ര. റോഡ് മാര്‍ഗമാണ് പമ്പയിലേക്കുളള യാത്ര. പമ്പയില്‍ നിന്ന് സ്നാനം ചെയ്ത് കെട്ടുനിറച്ച ശേഷം പൊലീസിന്റെ ഫോഴ്സ് ഗൂര്‍ഖാ വാഹനത്തിലായിരിക്കും സന്നിദ്ധാനത്തേക്ക് പോവുക.

ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പദര്‍ശനം നടത്തും. ഉച്ചയ്ക്ക് സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കും. രാത്രിയോടെ ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരത്തേക്ക് എത്തും. പിന്നാലെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ അത്താഴവിരുന്നില്‍ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ശബരിമലയില്‍ ദര്‍ശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends