യുകെയില്‍ സോഷ്യല്‍ കെയര്‍ ഓസ്‌കാര്‍' തിളക്കവുമായി മലയാളി നഴ്‌സ്. സോഷ്യല്‍ കെയര്‍ മേഖലയിലെ അസാധാരണ സേവനങ്ങളെ ആദരിക്കുന്ന 'സോഷ്യല്‍ കെയര്‍ ഓസ്‌കാര്‍' നേടിയത് കൊല്ലം സ്വദേശിനിയാണ്. കൊല്ലം ജില്ലയിലെ കുണ്ടറ നെടുമ്പായിക്കുളം സ്വദേശിനിയായ ഷൈനി സ്‌കറിയ ആണ് 'വെയില്‍സ് കെയര്‍ അവാര്‍ഡ് 2025' ലെ ഗോള്‍ഡ് മെഡല്‍ നേടി യുകെ മലയാകികള്‍ അഭിമാനമായി മാറിയത്.
വെയില്‍സ് സര്‍ക്കാര്‍ എല്ലാവര്‍ഷവും നല്‍കിവരുന്ന ഈ അവാര്‍ഡില്‍ 'ഇന്‍ഡിപെന്‍ഡന്റ് സെക്ടര്‍ നഴ്‌സ് ഓഫ് ദ ഇയര്‍' വിഭാഗത്തിലാണ് ഷൈനി ഈ നേട്ടം കരസ്ഥമാക്കിയത്. വെയില്‍സിലെ റയ്ദറിലുള്ള കരോണ്‍ ഗ്രൂപ്പിലെ സീനിയര്‍ നഴ്‌സാണ് ഷൈനി.
വെയില്‍സിലെ ആരോഗ്യ മേഖലയിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായി കണക്കാക്കുന്ന ഈ പുരസ്‌കാരത്തിനായി നിരവധി തദ്ദേശീയര്‍ ഉള്‍പ്പടെയുള്ളവര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. കാര്‍ഡിഫ് ഹോളണ്ട് ഹൗസ് ഹോട്ടലില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ അനേകം പേരെ പിന്നിലാക്കിയാണ് ഷൈനി ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കിയത്. വെയില്‍സിലെ ആരോഗ്യ മന്ത്രി ജെറമി മൈല്‍സിന്റെ കയ്യൊപ്പോട് കൂടിയ സര്‍ട്ടിഫിക്കറ്റും പുരസ്‌കാരവുമാണ് ലഭിച്ചത്.
ഷൈനിക്ക് ലഭിച്ച അവാര്‍ഡ് നഴ്‌സിങ് മേഖലയിലെ ആത്മാര്‍ത്ഥ സേവനത്തിന് ലഭിച്ച അംഗീകാരമാണെന്ന് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പറഞ്ഞു. സൗദി അറേബ്യയിലെ റിയാദില്‍ നഴ്‌സായി സേവനമനുഷ്ഠിച്ച ശേഷമാണ് ഷൈനി 2020 ല്‍ വെയില്‍സിലേക്ക് എത്തുന്നത്. റിയാദിലെ കുട്ടികളുടെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലായിരുന്നു ജോലി.
കുണ്ടറ തൃപ്പിലഴികം സ്വദേശിയായ ജേക്കബ് തരകനാണ് ഭര്‍ത്താവ്. മക്കള്‍: മന്ന, ഹന്ന.