പ്രതിപക്ഷത്ത് ഇരുന്നുകൊണ്ട് ഘോരഘോരം പ്രസംഗിച്ചതൊക്കെയും മറന്ന മട്ടിലാണ് ലേബര്‍ ഗവണ്‍മെന്റ്. പ്രകടനപത്രികയില്‍ ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ഒരു മടിയും കൂടാതെ ലംഘിക്കാന്‍ തയ്യാറാകുകയും ചെയ്യുന്നു. ഇതില്‍ ഒടുവിലത്തേതായി ഇന്‍കം ടാക്‌സ് വര്‍ദ്ധനവും വന്നുചേരുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ബജറ്റില്‍ 30 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മി നേരിടുന്നസാഹചര്യത്തിലാണ് ഇന്‍കം ടാക്‌സില്‍ കൈവെയ്ക്കാന്‍ റീവ്‌സ് നിര്‍ബന്ധിതമാകുന്നത്. പാര്‍ട്ടിയുടെ പ്രധാന പ്രകടനപത്രികാ വാഗ്ദാനം ആയത് കൊണ്ട് തന്നെ ഇത് ലംഘിക്കാന്‍ ഏറെ ചര്‍ച്ചകള്‍ ആവശ്യമായി വരും. സജീവമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്.
ഇന്‍കം ടാക്‌സ് വര്‍ദ്ധന മാത്രമാണ് റീവ്‌സ് ഉദ്ദേശിക്കുന്ന തരത്തില്‍ പണം കണ്ടെത്താന്‍ സഹായിക്കുന്ന പോംവഴിയെന്നാണ് ട്രഷറിയിലെയും, നം.10-ലെയും ചില ഉപദേശകര്‍ വിശ്വസിക്കുന്നത്. ഇത് നടപ്പാക്കിയാല്‍ പിന്നീട് നികുതി വര്‍ദ്ധനവുകള്‍ ആവശ്യമായി വരില്ലെന്നാണ് ഇവരുടെ ന്യായം. എന്നാല്‍ കഴിഞ്ഞ ബജറ്റിന്റെ ഘട്ടത്തിലും ഇനിയൊരു നികുതി വേട്ട ഉണ്ടാകില്ലെന്നാണ് റീവ്‌സ് പ്രഖ്യാപിച്ചിരുന്നത്.
പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനം ലംഘിക്കുമ്പോള്‍ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാകുമെന്ന ആശങ്ക റീവ്‌സിനുമുണ്ട്. കഴിഞ്ഞ വര്‍ഷം നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന ഉണ്ടാകില്ലെന്ന വാഗ്ദാനം ചാന്‍സലര്‍ തകര്‍ത്തിരുന്നു. അതേസമയം ഇന്‍കം ടാക്‌സിലെ ഏത് റേറ്റാണ് ഉയര്‍ത്തേണ്ടതെന്ന സംശയവും വ്യാപകമാണ്. ബേസ് റേറ്റില്‍ 1 പെന്‍സ് കൂട്ടിച്ചേര്‍ക്കാനുള്ള പദ്ധതിക്കാണ് റീവ്‌സ് മുന്‍തൂക്കം നല്‍കുന്നത്.