സംസ്ഥാന ബിജെപിയില്‍ ഭിന്നത രൂക്ഷമാകുന്നു. അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിയാലോചനകള്‍ നടത്തുന്നില്ല, സ്വന്തം നിലയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നു എന്നീ ആരോപണങ്ങളാണ് ഉയരുന്നത്. മുന്‍ അധ്യക്ഷന്മാരായ കെ സുരേന്ദ്രനും വി മുരളീധരനും കടുത്ത അതൃപ്തിയിലാണ്. അവഗണിക്കുകയാണെന്നും യോഗങ്ങളിലേക്ക് വിളിക്കുന്നില്ലെന്നും ഇരുവര്‍ക്കും പരാതിയുണ്ട്.
രാജീവ് ചന്ദ്രശേഖരന്‍ അധ്യക്ഷനായി പുതിയ നേതൃത്വം ചുമതലയേറ്റെടുത്തതു മുതല്‍, തങ്ങളെ മാറ്റിനിര്‍ത്തുന്നുവെന്ന കാരണത്താല്‍ വി മുരളീധരന്‍ പക്ഷത്തിന് കടുത്ത അസംതൃപിയുണ്ടായിരുന്നു. മുതിര്‍ന്ന നേതാക്കളെയൊന്നും യോഗങ്ങളിലേക്ക് വിളിക്കുന്നില്ലെന്ന ആരോപണം പലവട്ടം കോര്‍കമ്മിറ്റിയിലടക്കം ഉയര്‍ന്നിരുന്നു. ഏറ്റവും ഒടുവില്‍ ചേര്‍ന്ന തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി നിര്‍ണത്തിന്റെ സംസ്ഥാന യോഗത്തില്‍പോലും വി മുരളീധരനെയും കെ സുരേന്ദ്രനെയും വിളിച്ചില്ലെന്നാണ് പരാതി. അതിന് തൊട്ടുപിന്നാലെ നടന്ന ബിജെപിയുടെ സെക്രട്ടേറിയേറ്റ് വളയല്‍ സമരത്തിലെ ഇരുവരുടെയും അസാന്നിധ്യം ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സംസ്ഥാന കമ്മിറ്റിയിലടക്കം പ്രശ്നങ്ങള്‍ രൂക്ഷമായിരിക്കുന്നത്. എന്നാല്‍ ആരോപണങ്ങളും വിമര്‍ശനങ്ങളും കടുക്കുമ്പോഴും സമവായ നീക്കത്തിന് പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായിട്ടില്ല.
സംഘടന പ്രവര്‍ത്തനത്തില്‍ പരിചയ സമ്പത്തില്ലാത്തതാണ് രാജീവ് ചന്ദ്രശേഖറിന് വലിയ തിരിച്ചടിയാകുന്നത് എന്നടക്കമുള്ള വിമര്‍ശനം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ രഹസ്യ വിവരങ്ങളടക്കം വി മുരളീധര പക്ഷം ചോര്‍ത്തുന്നുവെന്ന ആരോപണവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. ഈ വിഷയത്തില്‍ സംസ്ഥാന കമ്മിറ്റി ഓഫീസിലെ പ്രധാനപ്പെട്ട ചുമതലകളിലുള്ള പലരും സംശയമുനയിലാണ്. രാജീവ് ചന്ദ്രശേഖറിനെ അനുകൂലിക്കുന്ന ഔദ്യോഗിക പക്ഷമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍.