ഒരു ചാന്‍സെടുക്കാന്‍ തന്നെയാണ് ചാന്‍സലറുടെ ഉദ്ദേശം. ജനജീവിതം അല്‍പ്പം ദുരിതത്തിലായാലും നികുതി വരുമാനം കണ്ടെത്തി ഖജനാവില്‍ പണമെത്തിക്കുന്നതിലാണ് റേച്ചല്‍ റീവ്‌സിന്റെ ശ്രദ്ധ. എന്നാല്‍ രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം സൃഷ്ടിക്കാനാണ് ചാന്‍സലറുടെ നികുതി വര്‍ദ്ധന പദ്ധതികള്‍ സഹായിക്കുകയെന്ന് ബ്രിട്ടന്റെ വലിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
രാജ്യത്തെ ഒന്‍പത് സുപ്രധാന ഗ്രോസര്‍മാരാണ് ചെലവ് സമ്മര്‍ദങ്ങള്‍ ഉയരുന്നത് ഗ്രോസറി വിലകള്‍ ഉയരുന്നതില്‍ കലാശിക്കുമെന്ന് ചൂണ്ടിക്കാണിച്ച് ചാന്‍സലര്‍ക്ക് കത്തയച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഈ സമ്മര്‍ദം വര്‍ദ്ധിക്കുകയാണ്. ഇത് കൂടുതല്‍ ഉയരുമെന്നാണ് കരുതുന്നത്, ചാന്‍സലര്‍ക്ക് അയച്ച കത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അറിയിച്ചു.
ലക്ഷക്കണക്കിന് സാധാരണക്കാരായ ജനങ്ങള്‍ ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന വിഷയം കൂടിയാണിതെന്ന് ഇവര്‍ കത്തില്‍ ചൂണ്ടിക്കാണിച്ചു. ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം തയ്യാറാക്കിയ കത്തില്‍ ആസ്ദ, ടെസ്‌കോ, ആല്‍ഡി, ഐസ്ലാന്‍ഡ്, ലിഡില്‍, മാര്‍ക്‌സ് & സ്‌പെന്‍സര്‍, മോറിസണ്‍സ്, സെയിന്‍സ്ബറീസ്, വെയ്റ്റ്‌റോസ് എന്നിങ്ങനെ സ്ഥാപനങ്ങളുടെ എക്‌സിക്യൂട്ടീവുമാര്‍ ഒപ്പുവെച്ചു.
ഇതിനിടെ ലേബര്‍ ഗവണ്‍മെന്റിന്റെ രണ്ടാം ബജറ്റില്‍ ഒരു വിഷയവും സുരക്ഷിതമല്ലെന്നാണ് മുന്നറിയിപ്പ് പുറത്തുവരുന്നത്. ഇതിനിടെ 2 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള പ്രോപ്പര്‍ട്ടികള്‍ക്ക് 1 ശതമാനം ചാര്‍ജ്ജ് ഈടാക്കാന്‍ റീവ്‌സ് തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ട്.