സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്നതിന്റെ പേരില്‍ എട്ടു വയസ്സുകാരന്റെ സംസാര വൈകല്യത്തിനുള്ള ചികിത്സ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് നിഷേധിച്ചതായി ആരോപണം. വെസ്റ്റ് സസെക്‌സിലെ ഹോര്‍ഷാമിനടുത്ത് നിന്നുള്ള യുവതിയാണ് മകന് ചികിത്സ നിഷേധിച്ചതായി ആരോപിച്ച് രംഗത്തുവന്നത്. സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ കുടുംബത്തോട് വിവേചനം കാണിക്കുന്നത് തെറ്റാണെന്ന് യുവതി പറയുന്നു.
ഇളയ മകന്റെ സംസാര വൈകല്യം പരിഹരിക്കുന്നതിനായി പ്രാദേശിക ജിപി വഴി ഹോര്‍ഷാം ഹോസ്പിറ്റലിലെ എന്‍എച്ച്എസ് നടത്തുന്ന ചില്‍ഡ്രന്‍സ് സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പി സര്‍വീസിലേക്ക് നല്‍കിയ റഫറല്‍ നിരസിച്ചാണ് പിന്നാലെ അമ്മ കാരണം അന്വേഷിക്കുകയായിരുന്നു. കുട്ടി സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്നതിനാല്‍ റഫറല്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചതോടെ അമ്മ നിലപാടിനെതിരെ പരസ്യമായി രംഗത്തുവന്നത്.
കുട്ടിയെ സ്വകാര്യ സ്‌കൂളില്‍ ചേര്‍ത്ത് പഠിക്കുന്നതിനാല്‍ എല്ലാത്തിനും പണം നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന ഒരു ചിന്തയാണ്. ഒരു സ്വകാര്യ സ്‌കൂളില്‍ പോകുന്നതുകൊണ്ട് മാത്രം ഒരു കുട്ടിയോട് വിവേചനം കാണിക്കുന്നത് തികച്ചും അന്യായവും മുന്‍വിധിയുമാണ്, അമ്മ വ്യക്തമാക്കി.
സംസാര വൈകല്യങ്ങള്‍ വേഗത്തില്‍ ചികിത്സിക്കണമെന്ന് റോയല്‍ കോളജ് ഓഫ് സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തെക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ കിങ്സ്റ്റണ്‍ ഹോസ്പിറ്റല്‍ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് സന്ധി സംബന്ധമായ അവസ്ഥയ്ക്ക് ചികിത്സ നിഷേധിച്ച സംഭവത്തിന് പിന്നാലെയാണ് അടുത്ത ആരോപണം ഉയരുന്നത്.
വെസ്റ്റ് സസെക്‌സ് കൗണ്ടി കൗണ്‍സിലുമായി ചേര്‍ന്ന് കമ്മീഷന്‍ ചെയ്ത സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പി സേവനത്തിന് പ്രാദേശിക അധികാരികളില്‍ നിന്ന് ധനസഹായം ലഭിക്കുന്നില്ല. അതിനാല്‍ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളായ കുട്ടികള്‍ക്ക് സേവനം നല്‍കാന്‍ കഴിയില്ല. എന്‍എച്ച്എസിനും പ്രാദേശിക അതോറിറ്റി കമ്മീഷനിങ്ങിനും സമാനമായ ക്രമീകരണമാണ് നിലവിലുള്ളത്, സംഭവത്തെ കുറിച്ച് സസെക്‌സിലെ എന്‍എച്ച്എസ് വക്താവ് പറഞ്ഞു. എന്നാല്‍ സ്വകാര്യ വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്ന മാതാപിതാക്കള്‍ എല്ലാവരും സമ്പന്നരല്ലെന്നും കോവിഡ് കാലത്തെ വിദ്യാഭ്യാസ തടസ്സങ്ങള്‍ കാരണമാണ് തങ്ങള്‍ ഈ തീരുമാനം എടുത്തതെന്നും അമ്മ പറയുന്നു. ഇത്തരം വിവേചനം നേരിടുകയാണെങ്കില്‍ കുട്ടിക്കായി അനുവദിച്ച സര്‍ക്കാര്‍ സ്‌കൂള്‍ ഫണ്ട് സ്വകാര്യ വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.