അഹമ്മദാബാദ് എയര്‍ഇന്ത്യ വിമാന ദുരന്തത്തില്‍ 242 പേരില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട ഏക വ്യക്തിയായ ബ്രിട്ടീഷ് ഇന്ത്യന്‍ യുവാവ് വിശ്വാസ് കുമാര്‍ രമേഷ് കടുത്ത മാനസിക ശാരീരിക പ്രശ്‌നങ്ങളിലാണ്. ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ഭാഗ്യവാനെന്നാണ് ഇദ്ദേഹത്തെ കുറിച്ച് പറയാറുള്ളത്. എന്നാല്‍ ശരീരവും മനസും തകര്‍ന്ന അവസ്ഥയിലാണ് ഇദ്ദേഹം. അപകട സമയത്ത് എമര്‍ജന്‍സി എക്‌സിറ്റിന് സമീപം ഇരുന്നതിനാല്‍ വലിയ ദുരന്തത്തില്‍ ഇദ്ദേഹം മാത്രം രക്ഷപ്പെട്ടത്. സഹോദരന്‍ അജയ് കുമാര്‍ ദുരന്തത്തില്‍ മരിച്ചിരുന്നു.
ഇന്ത്യയില്‍ ചികിത്സയ്ക്ക് ശേഷം സെപ്തംബര്‍ 15 യുകെയിലേക്ക് മടങ്ങിയ വിശ്വാസ് കുമാറിന് ഇപ്പോഴും എന്‍എച്ച്എസ് വഴി മാനസികാരോഗ്യ ചികിത്സ ലഭിച്ചിട്ടില്ല. ഇന്ത്യയില്‍ ചികിത്സയിലിരിക്കേ അദ്ദേഹത്തിന് പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ സ്ഥിരീകരിച്ചെങ്കിലും യുകെയില്‍ എത്തിയ ശേഷം ചികിത്സ ലഭിക്കുന്നില്ല.
ഞാന്‍ ഇപ്പോള്‍ മുറിയില്‍ ഒറ്റയ്ക്കാണ്. ഭാര്യയോടോ മകനോടോ സംസാരിക്കാറില്ല. രാത്രി മുഴുവന്‍ ഉറങ്ങാനാവാത്ത അവസ്ഥയാണ്, വിശ്വാസ് മാധ്യമങ്ങളോട് പറഞ്ഞു. കാലിനും തോളിനും കാല്‍മുട്ടിനും വേദനയുണ്ട്. ജോലി ചെയ്യാനോ വാഹനമോടിക്കാനോ കഴിയുന്നില്ല. എയര്‍ ഇന്ത്യ 25 ലക്ഷം താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കിയെങ്കിലും ഇത് അടിയന്തര ആവശ്യങ്ങള്‍ക്ക് പര്യാപ്തമല്ല. മൂന്നു തവണ എയര്‍ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് ശ്രമിച്ചെങ്കിലും കമ്പനി പ്രതികരിച്ചിട്ടില്ലെന്ന് കുടുംബം പറയുന്നു.