ഹണ്ടിംഗ്ടണില്‍ നിരവധി പേരുടെ ജീവന്‍ അപകടത്തിലാക്കിയ ട്രെയിന്‍ കത്തിക്കുത്തില്‍ പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച. അക്രമത്തിന് ഇറങ്ങുന്നതിന് മുന്‍പ് പ്രതി മറ്റ് പല സ്ഥലങ്ങളിലും കത്തിയുമായി എത്തി ഭീഷണി മുഴക്കിയെന്നും, ഒരു 14-കാരനെ കുത്തിയെന്നുമാണ് വ്യക്തമാകുന്നത്.
ട്രെയിനിലെ അക്രമത്തിന് 24 മണിക്കൂര്‍ മുന്‍പ് മുതല്‍ പ്രതി പൊതുസ്ഥലങ്ങളില്‍ അക്രമാസക്തമായെന്നും, വിവരം പോലീസിന് ലഭിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്നുമാണ് വ്യക്തമാകുന്നത്. ഇതോടെ പ്രതിയെ ട്രെയിനില്‍ അക്രമം നടത്തുന്നതിലേക്ക് പോലീസ് തന്നെ വഴിതുറന്ന് കൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്.
ഹാലോവീന്‍ ദിനത്തില്‍ രണ്ട് കൗമാരക്കാര്‍ക്ക് 100 മൈല്‍ അകലത്തില്‍ നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ കുത്തേറ്റതിന് പിന്നിലും പ്രതി ആന്റണി വില്ല്യംസ് ആണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പീറ്റര്‍ബറോ സിറ്റി സെന്ററില്‍ 14-കാരനെ വെള്ളിയാഴ്ച വൈകുന്നേരം കുത്തിയതും ഇയാളാണെന്നാണ് സംശയിക്കുന്നത്.
ഇതിന് ശേഷം ഫ്‌ളെറ്റണ്‍ മേഖലയിലെ ബാര്‍ബര്‍ ഷോപ്പിലെത്തി കത്തിയുമായി ജീവനക്കാരെയും, കസ്റ്റമേഴ്‌സിനെയും ഭീഷണിപ്പെടുത്തി. ഇതിന് ശേഷം ശനിയാഴ്ച പുലര്‍ച്ചെയാണ് ട്രെയിനില്‍ കത്തിക്കുത്ത് നടത്തിയത്. ബാര്‍ബര്‍മാര്‍ വിഷയം പോലീസില്‍ അറിയിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാന്‍ മാത്രമാണ് പോലീസ് ആവശ്യപ്പെട്ട്. സ്ഥലത്തെത്തി വിവരം പരിശോധിക്കാന്‍ പോലും പോലീസ് മെനക്കെട്ടില്ല.