മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തില്‍ ഉറങ്ങുകയായിരുന്ന 12 വയസ്സുള്ള പെണ്‍കുട്ടിയെ ആക്രമിച്ച ഇന്ത്യക്കാരനായ പ്രതിക്ക് തടവുശിക്ഷ വിധിച്ച് യുകെ കോടതി. ഷിപ്പിങ് കമ്പനി ഉടമയായ മുംബൈ സ്വദേശി ജാവേദ് ഇനാംദാറിനെ 21 മാസത്തേക്കാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.
മുംബൈയില്‍ നിന്ന് ലണ്ടന്‍ ഹീത്രൂവിലേക്കുള്ള വിമാനത്തില്‍ വച്ച് ജാവേദ് തന്റെ അരികിലിരുന്ന് ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പലതവണ സ്പര്‍ശിച്ചു.
രാത്രിയില്‍ എന്റെ അടുത്ത് നിന്ന് മാറൂ എന്ന് കുട്ടി ഉറക്കെ നിലവിളിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. തുടര്‍ന്ന് കാബിന്‍ ക്രൂ പെണ്‍കുട്ടിയുടെ അടുത്തെത്തി. തന്റെ ഭാര്യയായി തെറ്റിദ്ധരിച്ചതാണ് പ്രശ്‌നമായതെന്ന് വിചിത്ര വാദമാണ് ജാവേദ് ആദ്യം ഫ്‌ളൈറ്റ് അറ്റന്റിനോട് പറഞ്ഞത്. എന്നാല്‍ വിമാനം ഹീത്രൂവില്‍ ഇറങ്ങിയതിന് തൊട്ടുപിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. താന്‍ നല്ല ഉറക്കത്തിലായിരുന്നുവെന്നും പെണ്‍കുട്ടിയെ സ്പര്‍ശിച്ചത് ഓര്‍ക്കുന്നില്ലെന്നുമാണ് പിന്നീട് ജാവേദ് പൊലീസിനോട് പറഞ്ഞത്.
ജാവേദ് കുറ്റം നിഷേധിച്ചെങ്കിലും 13 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന് കോടതി കണ്ടെത്തുകയായിരുന്നു. വിചാരണ വേളയില്‍ യുകെയില്‍ സോപാധിക ജാമ്യത്തിലായിരുന്ന ജാവേദിന് തൊഴിലുടമകളാണ് പാര്‍പ്പിടം നല്‍കിയിരുന്നത്. ജാമ്യ കാലയളവില്‍ പ്രതിക്ക് ഭാര്യയെയോ മക്കളെയോ കാണാന്‍ കഴിഞ്ഞില്ല. ഇതു കണക്കിലെടുത്താണ് ശിക്ഷ കുറച്ചതെന്ന് ജഡ്ജി വ്യക്തമാക്കി.
ജയില്‍ ശിക്ഷ പൂര്‍ത്തിയായാല്‍ ഉടന്‍ നാടു വിടണമെന്നും കോടതി നിര്‍ദ്ദേശിച്ചു.