ഒടുവില്‍ ബ്രിട്ടനിലെ ജനങ്ങളെ വഞ്ചിക്കാന്‍ ഒരുങ്ങി ചാന്‍സലര്‍. ലേബര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചയ്തത് പോലെ ഇന്‍കം ടാക്‌സ് വര്‍ദ്ധന ഉണ്ടാകില്ലെന്ന ഉറപ്പാണ് റേച്ചല്‍ റീവ്‌സ് മറന്ന് കളയുന്നത്.
2 പെന്‍സ് വരെ നികുതി വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് റീവ്‌സിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് സംഭവിച്ചാല്‍ ലക്ഷക്കണക്കിന് ജനങ്ങളെ സംബന്ധിച്ച് ഇത് ചതിയായി മാറും. 'എല്ലാവരും അവരവരുടെ ഭാഗം നിര്‍വ്വഹിക്കണം', എന്നാണ് ബജറ്റിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത റീവ്‌സിന്റെ പ്രഖ്യാപനം.
ഈ നിലപാടുമായി റീവ്‌സ് മുന്നോട്ട് പോയാല്‍ 1975-ന് ശേഷം ബേസിക് ഇന്‍കം ടാക്‌സ് വര്‍ദ്ധിപ്പിക്കുന്ന ആദ്യ ചാന്‍സലറായി ഇവര്‍ മാറും. ഈ നീക്കത്തെ 60 ശതമാനം വോട്ടര്‍മാരും എതിര്‍ക്കുന്നതായി മോര്‍ ഇന്‍ കോമണ്‍ സര്‍വ്വെ വ്യക്തമാക്കുന്നു.
ജോലി ചെയ്യുന്ന മനുഷ്യര്‍ക്ക് മേലുള്ള നികുതി ഏറ്റവും വലിയ ചതിയാകുമെന്ന് ഷാഡോ ചാന്‍സലര്‍ മെല്‍ സ്‌ട്രൈഡ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ദുരന്ത ബജറ്റിന് ശേഷം ഇനിയൊരു വര്‍ദ്ധനവില്ലെന്നാണ് സ്റ്റാര്‍മറും, റീവ്‌സും പറഞ്ഞത്. ഇത് പാലിച്ചില്ലെങ്കില്‍ ചാന്‍സലര്‍ രാജിവെയ്ക്കണം, സ്‌ട്രൈഡ് പറഞ്ഞു.