രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന സെപ്തംബര്‍ 19ന് ബാങ്ക് ഹോളിഡേ ; സ്‌കൂളുകള്‍ക്ക് അവധി ; എന്‍എച്ച്എസ് ജീവനക്കാര്‍ മറ്റ് ബാങ്ക് ഹോളിഡേ പോലെ പ്രവര്‍ത്തിക്കും ; കോടതി അടിയന്തര സ്വഭാവമുള്ള കേസ് മാത്രം പരിഗണിക്കും

രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന സെപ്തംബര്‍ 19ന് ബാങ്ക് ഹോളിഡേ ; സ്‌കൂളുകള്‍ക്ക് അവധി ; എന്‍എച്ച്എസ് ജീവനക്കാര്‍ മറ്റ് ബാങ്ക് ഹോളിഡേ പോലെ പ്രവര്‍ത്തിക്കും ; കോടതി അടിയന്തര സ്വഭാവമുള്ള കേസ് മാത്രം പരിഗണിക്കും
എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ സെപ്തംബര്‍ 19നാണ് നടക്കുക. ഈ ദിവസം ബാങ്ക് ഹോളിഡേ ആയിരിക്കുമെന്ന് രാജാവായി അധികാരമേറ്റ ശേഷം ചാള്‍സ് മൂന്നാമന്‍ പ്രഖ്യാപിച്ചിരുന്നു. സ്‌കൂളുകളുടേയും എന്‍എച്ച്എസിന്റേയും ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജോലിയ്ക്ക് പോകുന്ന മാതാപിതാക്കളാണ് സ്‌കൂള്‍ വിഷയത്തില്‍ ആശങ്ക അറിയിച്ചത്. പ്ലാറ്റിനം ജൂബിലി ആഘോഷത്തിലും അവധി പ്രഖ്യാപിച്ചിരുന്നു. രാജാവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഏതൊക്കെ സ്ഥാപനങ്ങള്‍ക്കാവും അവധി ബാധകമെന്ന സംശയം ഉയര്‍ന്നിരുന്നു.

നിയമപരമായി തൊഴിലുടമ അന്ന് അവധി നല്‍കിയിരിക്കണമെന്ന നിബന്ധനയില്ല. ജീവനക്കാര്‍ക്ക് അവധിയെടുക്കാം, എന്നാല്‍ അന്ന് ജോലിയെടുത്താല്‍ തൊഴിലുടമയ്ക്ക് മറ്റൊരു ദിവസം പകരം അവധി അനുവദിക്കാവുന്നതാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിട്ടില്ല. തൊഴിലുടമയാണ് തീരുമാനിക്കുക. ഒഴിവു ദിനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് അധിക ശമ്പളം നല്‍കണമോ എന്നതും തൊഴിലുടമ തീരുമാനിക്കും. സ്‌കൂളുകള്‍ അവധിയായിരിക്കും. എന്നാല്‍ ചിലയിടത്ത് ഭാഗികമായി പ്രവര്‍ത്തിക്കും. മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന കുട്ടികളെ പരിപാലിക്കാനാണിത്. അവധി കാര്യങ്ങള്‍ സ്‌കൂളുകള്‍ തന്നെ മാതാപിതാക്കളെ അറിയിക്കും.


ദുഖാചരണ വേളയില്‍ തുറന്നുപ്രവര്‍ത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങളും ഷോപ്പുകളും രാജ്ഞിയോട് ആദര സൂചകമായി ചിലപ്പോള്‍ സംസ്‌കാര ദിനത്തില്‍ അടച്ചിട്ടേക്കും. വിലാപ യാത്ര പോകുന്ന വഴികളില്‍ സ്ഥാപനങ്ങള്‍ അടച്ചിടാനാണ് സാധ്യത. റോയല്‍ മെയില്‍ സര്‍വ്വീസ് പോസ്റ്റുകള്‍ അന്നേ ദിവസം നല്‍കില്ല.

മറ്റ് അവധി ദിവസങ്ങള്‍ ചെയ്യും പോലെ തന്നെയാണ് എന്‍എച്ച്എസ് പ്രവര്‍ത്തിക്കുക. ആശുപത്രികള്‍ പ്രവര്‍ത്തിക്കുമെങ്കിലും ജിപി സര്‍ജറികള്‍ ഒഴിവാക്കിയേക്കും. കോടതികള്‍ ദുഖാചരണ വേളയില്‍ അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രമേ പരിഗണിക്കൂ.

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ദുഖാചരണത്തിന്റെ ഭാഗമായി അടച്ചിടും. കലാ കായിക മത്സരങ്ങളും വിനോദ കേന്ദ്രങ്ങളും അടച്ചിടും. റെയില്‍ സമരം പിന്‍വലിച്ചതായി യൂണിയന്‍ നേതാക്കളും അറിയിച്ചിട്ടുണ്ട്.രാജ്ഞിയുടെ വിയോഗത്തില്‍ പതിനായിരക്കണക്കിന് പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി എത്തുന്നത്.

Other News in this category



4malayalees Recommends