പിടി തോമസിനെ മരണ ശേഷവും കുരിശിന്‍മേല്‍ തറക്കും, മരണം പികെ കുഞ്ഞനന്തനെ മാടപ്രാവാക്കും, കോടിയേരി ബാലകൃഷ്ണനെ മഹാനാക്കും, മരണത്തിലൂടെ വിശുദ്ധരാകുന്നത് കേരളത്തില്‍ ഇടതു പക്ഷക്കാര്‍ മാത്രമാണ്.. സന്ദീപ് വാര്യര്‍

പിടി തോമസിനെ മരണ ശേഷവും കുരിശിന്‍മേല്‍ തറക്കും, മരണം പികെ കുഞ്ഞനന്തനെ മാടപ്രാവാക്കും, കോടിയേരി ബാലകൃഷ്ണനെ മഹാനാക്കും, മരണത്തിലൂടെ വിശുദ്ധരാകുന്നത് കേരളത്തില്‍ ഇടതു പക്ഷക്കാര്‍ മാത്രമാണ്.. സന്ദീപ് വാര്യര്‍
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെതിരെ അഭിപ്രായ പ്രകടനം നടത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ചത് ഫാസിസ്റ്റ് നടപടികളാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. മരണത്തിലൂടെ വിശുദ്ധരാകുന്നത് കേരളത്തില്‍ ഇടതു പക്ഷക്കാര്‍ മാത്രമാണെന്നും ഇടതു വിരുദ്ധര്‍ ആ പദവിക്ക് അര്‍ഹരല്ലെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്ദീപിന്റെ പ്രതികരണം.

കുറിപ്പ് ഇങ്ങനെ..

ബാല്‍ താക്കറെയെ പോലെയുള്ള ആളുകള്‍ ദിവസവും ജനിക്കുകയും മരിക്കുകയും ചെയ്യുന്നു . ഞങ്ങള്‍ സ്മരിക്കേണ്ടത് ഭഗത് സിങ്ങിനെയും സുഖ്‌ദേവിനെയുമാണ്. ധീര രക്ത സാക്ഷികള്‍ ' എന്ന് പോസ്റ്റിട്ട കുറ്റത്തിനാണ് 21 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഷഹീന്‍ ദാദ എന്ന പെണ്‍കുട്ടിയെയും പോസ്റ്റ് ലൈക്ക് ചെയ്ത രേണു എന്ന പെണ്‍കുട്ടിയെയും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എന്‍സിപി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കേരളത്തിലെ സകലഗുലാബി സാംസ്‌കാരിക നായകരും പേനയുന്തുകാരും പ്രതിഷേധവുമായി രംഗത്തിറങ്ങി . അവര്‍ ബാലാസാഹിബിനെ ആവോളം പുലഭ്യം പറഞ്ഞു. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന തിസീസിന്മേല്‍ തിസീസിറക്കി.

പക്ഷെ മരണത്തിലൂടെ വിശുദ്ധരാകുന്നത് കേരളത്തില്‍ ഇടതു പക്ഷക്കാര്‍ മാത്രമാണ്. ഇടതു വിരുദ്ധര്‍ ആ പദവിക്ക് അര്‍ഹരല്ല. എം എന്‍ വിജയന്‍ മാസ്റ്റര്‍ മരണ ശേഷം ' മികച്ച ഒരു അധ്യാപകനായിരുന്നു ' എന്ന് മാത്രം അനുസ്മരിക്കപ്പെടും. ടിപി ചന്ദ്രശേഖരന്‍ കുലം കുത്തി തന്നെയെന്ന് ആവര്‍ത്തിക്കപ്പെടും. കെടി ജയകൃഷ്ണന്‍ മാസ്റ്ററെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ വീണ്ടും വീണ്ടും വെട്ടി നുറുക്കും. പിടി തോമസിനെ മരണ ശേഷവും കുരിശിന്‍മേല്‍ തറക്കും. മരണം പികെ കുഞ്ഞനന്തനെ മാടപ്രാവാക്കും. കോടിയേരി ബാലകൃഷ്ണനെ മഹാനാക്കും. കാരണം അവര്‍ ഇടതുപക്ഷക്കാരാണ്.

മരിച്ചവരെ കുറ്റം പറയരുത് എന്നാണല്ലോ. അതുകൊണ്ട് കോടിയേരി ബാലകൃഷ്ണനെ ഈ സമയത്ത് സോഷ്യല്‍ ഓഡിറ്റിങ്ങ് നടത്തുന്നത് ശരിയല്ല എന്നതിനാല്‍ അതിന് മുതിരുന്നില്ല. പക്ഷെ കോടിയേരി ബാലകൃഷ്ണനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ച കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ഗിരിജയ്ക്ക് എതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. കോടിയേരിക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ചിതറ സബ് റജിസ്ട്രാര്‍ ഓഫിസിലെ ഹെഡ് ക്ലര്‍ക്ക് സന്തോഷ് രവീന്ദ്രന്‍ , പൊലീസുകാരനായ ഉറൂബ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട് . കേസും എടുത്തിട്ടുണ്ട് .അഭിപ്രായ സ്വാതന്ത്ര്യത്തിന് പുല്ലു വില കൊടുത്ത് നല്ല ഒന്നാന്തരം ഫാസിസം കേരളത്തില്‍ നടപ്പിലാവുമ്പോള്‍ സാംസ്‌കാരിക നായകരും മാധ്യമ വരയന്‍ പുലികളും ഉത്തര്‍പ്രദേശിലേക്ക് നോക്കിയിരിക്കുകയാണ് . പോരാതെ രവിചന്ദ്രനെതിരെ ഉറഞ്ഞ് തുള്ളുന്നു.

കേരളത്തില്‍ ഒന്നും രണ്ടും ഭീഷണി കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും ആണെന്ന് രവി ചന്ദ്രന്‍ പറഞ്ഞത് മഹാപരാധമത്രെ. സത്യമല്ലേ രവിചന്ദ്രന്‍ പറഞ്ഞത് ? ഭയം ജനിപ്പിക്കുന്നതല്ലേ ഭീഷണി ? കേരളത്തില്‍ ആര്‍ക്കെതിരെ എഴുതാനും പറയാനുമാണ് ഭയം തോന്നുന്നത് ? ഒന്നാമതായി കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെയും രണ്ടാമതായി ഇസ്ലാമിസ്റ്റുകള്‍ക്കെതിരെയും തന്നെ. ജീവനില്‍ കൊതി ഉള്ളത് കൊണ്ട് കേരളത്തില്‍ ഇരുവര്‍ക്കുമെതിരെ ആരും ഒന്നും പറയില്ല. രവിചന്ദ്രന്‍ പറഞ്ഞ അഭിപ്രായത്തെ ഊട്ടിയുറപ്പിക്കുന്നതാണ് കോടിയേരിയുടെ മരണ ശേഷം അഭിപ്രായ പ്രകടനം നടത്തിയവര്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച ഫാസിസ്റ്റ് നടപടികള്‍. പിണറായി വിജയന്റെ വിരട്ടലും വിലപേശലുമൊന്നും ഏല്‍ക്കാത്ത സ്വാഭിമാനമുള്ള മലയാളികള്‍ പ്രതികരിക്കുക തന്നെ ചെയ്യും.Other News in this category4malayalees Recommends