രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്ന് പരാതി; നിയമോപദേശം തേടി സ്പീക്കര്‍, വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്ന് പരാതി; നിയമോപദേശം തേടി സ്പീക്കര്‍, വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്ന പരാതിയില്‍ നിയമോപദേശം തേടി സ്പീക്കര്‍. അഭിഭാഷകന്‍ വിനീത് ജിന്‍ഡാലാണ് പരാതി നല്‍കിയത്. കോടതി വിധി പരിശോധിച്ച് സ്പീക്കറുടെ നിര്‍ദേശപ്രകാരം ലോക്‌സഭ സെക്രട്ടേറിയറ്റ് രാഹുലിന്റെ അയോഗ്യത സംബന്ധിച്ച് തീരുമാനമെടുക്കും.

അതേസമയം, ഇന്ന് ഡല്‍ഹിയില്‍ പലതലങ്ങളിലുള്ള പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് പദ്ധതിയിട്ടിരിക്കുന്നത്. വിജയ് ചൗക്കില്‍ രാവിലെ പതിനൊന്നരയ്ക്ക് എംപിമാര്‍ പ്രതിഷേധിക്കും. പിന്നാലെ രാഷ്ട്രപതിയെ കാണാന്‍ സമയം തേടും. അംഗീകരിച്ചില്ലെങ്കില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാനും പാര്‍ട്ടി തീരുമാനിച്ചേക്കും.

വിഷയം ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും വിളിച്ചിട്ടുണ്ട്. മാനനഷ്ടക്കേസില്‍ സൂറത്തിലെ കോടതി ഇന്നലെയാണ് രാഹുല്‍ ഗാന്ധിയ്ക്ക് 2 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. മോദിയെന്ന പേര് കള്ളമാര്‍ക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്ന പരാമര്‍ശത്തിനെതിരായ കേസിലാണ് സിജെഎം കോടതിയുടെ വിധി.

മാനനഷ്ടക്കേസില്‍ നല്‍കാവുന്ന പരമാവധി ശിക്ഷയാണ് കോടതി വധിച്ചത്. വിധിക്കെതിരെ രാഹുല്‍ ഗാന്ധി ഉടന്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കും. കോണ്‍ഗ്രസ് നേതാക്കളും മുതിര്‍ന്ന അഭിഭാഷകരുമായ പി. ചിദംബരം, മനു അഭിഷേക് സിങ് വി, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ കൂടിയാലോചനകള്‍ നടത്തി.

2019ല്‍ കര്‍ണാടകത്തിലെ കോലാറില്‍ നടത്തിയ പ്രസംഗത്തില്‍ മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. ഇതിനെതിരെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് കോടതിയില്‍ പരാതി നല്‍കിയിരുന്നത്.

Other News in this category



4malayalees Recommends