'മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയില്‍ വ്യവസ്ഥയില്ല'; മുസ്ലിം സംവരണം എടുത്തുകളഞ്ഞതിനെ ന്യായീകരിച്ച് അമിത് ഷാ

'മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയില്‍ വ്യവസ്ഥയില്ല'; മുസ്ലിം സംവരണം എടുത്തുകളഞ്ഞതിനെ ന്യായീകരിച്ച് അമിത് ഷാ
കര്‍ണാടകയില്‍ മുസ്ലിം സംവരണം നിര്‍ത്തലാക്കിയതിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂനപക്ഷ സംവരണം നടപ്പാക്കിയത് ഭരണഘടനപ്രകാരമല്ലെന്നും മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയില്‍ വ്യവസ്ഥയില്ലെന്നും അദ്ദേഹം പറഞ്ഞു.

'കര്‍ണാടക സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള സംവരണം നീക്കിയിരിക്കുന്നു. ഇങ്ങനെ ഒരു ശക്തമായ തീരുമാനം എടുത്തതിന് ഞാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെയും സംസ്ഥാന സര്‍ക്കാരിനെയും അഭിനന്ദിക്കുന്നു. കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ന്യൂനപക്ഷങ്ങള്‍ക്ക് 4 ശതമാനം സംവരണം അനുവദിച്ചത്. ഇപ്പോള്‍ അത് റദ്ദാക്കിയിരിക്കുന്നു.'

'ധ്രുവീകരണരാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് നാല് ശതമാനം സംവരണം നടപ്പാക്കിയത്. ഇതിനര്‍ത്ഥം ലിംഗായത്തിനും വൊക്കലിഗര്‍ക്കും രണ്ട് ശതമാനം വീതം സംവരണം ലഭിക്കും' അമിത് ഷാ പറഞ്ഞു.

കര്‍ണാടകയില്‍ മുസ്ലിങ്ങള്‍ക്കുള്ള സംവരണം കഴിഞ്ഞ ദിവസമാണ് റദ്ദാക്കിയത്. മുസ്ലീങ്ങള്‍ക്കുള്ള ഒ.ബി.സി സംവരണമാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിലുണ്ടായിരുന്ന നാല് ശതമാനം സംവരണം ഇതോടെ ഇല്ലാതാവും.

സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള മുസ്ലിങ്ങള്‍ക്ക് മാത്രമേ ഇനി സംവരണം ലഭിക്കൂ. സംവരണ ക്വാട്ടയില്‍ മറ്റ് വിഭാഗങ്ങള്‍ക്കൊപ്പം മാത്രമാണ് സംവരണം നല്‍കുക. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ ഉള്‍പ്പടെ ഉള്ള ബിജെപി നേതാക്കള്‍ മുസ്ലിം സംവരണം എടുത്ത് കളയണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.

Other News in this category4malayalees Recommends