യുകെയിലേക്ക് സ്റ്റുഡന്റ് വിസയിലെത്തുന്നവര്‍ക്ക് 2024 ജനുവരി മുതല്‍ ആശ്രിതരെ കൊണ്ടു വരാനാവില്ല; സ്റ്റഡി റൂട്ടിലെത്തുന്നവര്‍ക്ക് പഠനം പൂര്‍ത്തിയാക്കാതെ വര്‍ക്ക് റൂട്ടിലേക്ക് മാറാനാവില്ല; സ്വന്തം കാലില്‍ നില്‍ക്കാനാവുന്ന സ്റ്റുഡന്റ്‌സിന് മാത്രം പ്രവേശനം

യുകെയിലേക്ക് സ്റ്റുഡന്റ് വിസയിലെത്തുന്നവര്‍ക്ക് 2024 ജനുവരി മുതല്‍ ആശ്രിതരെ കൊണ്ടു വരാനാവില്ല; സ്റ്റഡി റൂട്ടിലെത്തുന്നവര്‍ക്ക് പഠനം പൂര്‍ത്തിയാക്കാതെ വര്‍ക്ക് റൂട്ടിലേക്ക് മാറാനാവില്ല; സ്വന്തം കാലില്‍ നില്‍ക്കാനാവുന്ന സ്റ്റുഡന്റ്‌സിന് മാത്രം പ്രവേശനം
യുകെയിലേക്ക് സ്റ്റുഡന്റ് വിസയിലെത്തുന്നവര്‍ക്ക് 2024 ജനുവരി മുതല്‍ തങ്ങളുടെ ആശ്രിതരെ യുകെയിലേക്ക് കൊണ്ടു വരാന്‍ സാധിക്കില്ലെന്ന കടുത്ത നിയമം സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്നു. നെറ്റ് ഇമിഗ്രേഷന്‍ പരിധി വിട്ടുയരുന്നുവെന്നതിനാല്‍ കുടിയേറ്റത്തെ നിയന്ത്രിക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം നിയമപരമായ കുടിയേറ്റങ്ങളും നിയന്ത്രിക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്റ്റുഡന്റ് വിസക്കാര്‍ക്ക് മേല്‍ നിയന്ത്രണം വര്‍ധിപ്പിക്കുന്നതെന്നാണ് ഹൗസ് ഓഫ് കോമണ്‍സില്‍ ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇത് പ്രകാരം റിസര്‍ച്ച് പദ്ധതികളുമായി ബന്ധപ്പെട്ട പിജി കോഴ്‌സുകള്‍ക്കായി യുകെയിലെത്തുന്ന ഫോറിന്‍ സ്റ്റുഡന്റ്‌സിന് മാത്രമേ അടുത്ത വര്‍ഷം ജനുവരി മുതല്‍ തങ്ങളുടെ ആശ്രിതരെ വിദേശത്ത് നിന്ന് ഇവിടേക്ക് കൊണ്ടു വരാന്‍ അനുവാദമുണ്ടായിരിക്കുകയുള്ളൂ. 2019ല്‍ ഫോറിന്‍ സ്റ്റുഡന്റ്‌സിന്റെ ആശ്രിതരായി യുകെയില്‍ എത്തിയത് 16,000 പേരായിരുന്നുവെങ്കില്‍ 2022ല്‍ അത് 1,36,000 പേരായി വര്‍ധിച്ച സാഹചര്യത്തിലാണ് ഇതിനെതിരെ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

പുതിയ നീക്കത്തിന്റെ ഭാഗമായി സ്റ്റഡി റൂട്ടില്‍ യുകെയിലേക്ക് എത്തുന്നവര്‍ക്ക് തങ്ങളുടെ പഠനം മുഴുമിക്കുന്നതിന് മുമ്പ് വര്‍ക്ക് റൂട്ടുകളിലേക്ക് പരിവര്‍ത്തനം ചെയ്യാനാവാത്ത വിധം ഇത് സംബന്ധിച്ച നിയമങ്ങളുടെ പഴുതടക്കമാനും സര്‍ക്കാര്‍ നീക്കമാരംഭിച്ചിട്ടുണ്ട്.കൂടൂതെ ഇവിടെയെത്തുന്ന ഫോറിന്‍ സ്റ്റുഡന്റ് സമ്പദ് വ്യവസ്ഥക്ക് ഒരു ബാധ്യതയാകാതിരിക്കാന്‍ അവര്‍ക്ക് ഇവിടെ ജീവിതം സ്വന്തം നിലയ്ക്ക് മുന്നോട്ട് കൊണ്ടു പോകാന്‍ ശേഷിയുണ്ടെന്നത് കര്‍ക്കശമായ പരിശോധനകളിലൂടെ ഉറപ്പാക്കാനും നീക്കമുണ്ട്.

കൂടാതെ ബ്രിട്ടനിലെ സര്‍വകലാശാലകളില്‍ പഠനത്തിനെന്ന പേരില്‍ വില സംഘടിപ്പിച്ച് കൊടുത്ത് വിദേശികളെ യുകെയിലേക്ക് കടത്തുന്ന ഏജന്റുമാരെ നിയന്ത്രിക്കാനും നീക്കമുണ്ടെന്ന് ഹോം സെക്രട്ടറി ഹൗസ് ഓഫ് കോമണ്‍സില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഗ്രാജ്വേറ്റ് റൂട്ടിലുള്ള വിസ നിയമങ്ങള്‍ക്ക് മാറ്റങ്ങളൊന്നുമില്ല. ഇവര്‍ക്ക് പഠനാനന്തരം രണ്ട് വര്‍ഷം കൂടി യുകെയില്‍ തുടര്‍ന്ന് തൊഴിലെടുക്കാന്‍ അനുവാദമുണ്ട്. ഈ വര്‍ഷം യുകെയിലെത്തി ഫോറിന്‍ സ്റ്റുഡന്റ്‌സില്‍ ഏറ്റവുമധികം ഇന്ത്യക്കാരാണെങ്കിലും ആശ്രിതരെ കൊണ്ടു വന്നതില്‍ മുന്നിലുള്ളത് നൈജീരിയന്‍ സ്റ്റുഡന്റ്‌സാണ്.

Other News in this category



4malayalees Recommends