കാനഡയിലും യുഎസിലും കടുത്ത തൊഴിലാളിക്ഷാമം; ഇതിനെ നേരിടാന്‍ കാനഡ കുടിയേറ്റം വര്‍ധിപ്പിക്കുമ്പോള്‍ യുഎസ് കുടിയേറ്റത്തോട് മുഖം തിരിക്കുന്നു; 2025 ഓടെ 1.45 മില്യണ്‍ കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് കാനഡ; ഹൈസ്‌കില്‍ഡ് വര്‍ക്കര്‍മാരെ മാത്രം സ്വാഗതം ചെയ്ത് യുഎസ്
കാനഡയും യുഎസും തൊഴിലാളിക്ഷാമം നേരിടുന്നുണ്ടെങ്കിലും കാനഡ മാത്രമാണ് ഇതിന് പരിഹാരമായി വര്‍ധിച്ച കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.2025 ഓടെ 1.45 മില്യണ്‍ കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ കാനഡ പദ്ധതി തയ്യാറാക്കിയപ്പോള്‍ അമേരിക്ക കുടിയേറ്റം വര്‍ധിപ്പിക്കുന്നതിനുള്ള പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ മന്ദീഭവിപ്പിച്ചിരിക്കുന്ന സ്ഥിതിയാണുള്ളത്. വരാനിരിക്കുന്ന പത്ത് വര്‍ഷങ്ങളില്‍ പത്ത് വര്‍ക്കര്‍മാരില്‍ ഒരാള്‍ എന്ന തോതില്‍ റിട്ടയര്‍ ചെയ്യുന്ന അവസ്ഥയാണ് കാനഡ അഭിമുഖീകരിക്കാന്‍ പോകുന്നത്.
ഇതിനെ തുടര്‍ന്ന് രാജ്യത്ത് ഉണ്ടാകാന്‍ പോകുന്ന വര്‍ക്കര്‍മാരുടെ ക്ഷാമം മുന്നില്‍ കണ്ട് അത് പരിഹരിക്കാനായി കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്നെ കാനഡ കുടിയേറ്റം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം നിശ്ചയിച്ചിരുന്നു. ഇത് പ്രകാരമാണ് 2025 അവസാനത്തോടെ കാനഡയിലേക്ക് 1.45 മില്യണ്‍ കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇവരില്‍ മിക്കവരും ഹെല്‍ത്ത് കെയര്‍ മേഖലയിലും മറ്റ് എമര്‍ജന്‍സി ജോബ് സ്‌കില്ലുകളിലും പരിശീലനം നേടിയവരായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
കാനഡയില്‍ ഭരണകക്ഷിയും പ്രതിപക്ഷവും ഇമിഗ്രേഷനോട് ഉദാരമായ നിലപാടുകളാണ് പുലര്‍ത്തി വരുന്നത്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂവിന്റെ പുതിയ ഇമിഗ്രേഷന്‍ ലക്ഷ്യമനുസരിച്ച് ലോ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കും ഉന്നതവിദ്യാഭ്യാസം നേടിയ പ്രഫഷണലുകള്‍ക്കും കൂടുതല്‍ തൊഴിലവസരം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ യുഎസില്‍ ഇതിന്റെ നേര്‍ വിപരീത ചിത്രമാണുള്ളത്. സ്‌കില്‍ഡ് വര്‍ക്കര്‍മാരുടെ കുടിയേറ്റം വര്‍ധിപ്പിക്കാന്‍ ഡെമോക്രാറ്റുകള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടായിട്ടും ഇവിടെ റിപ്പബ്ലിക്കന്‍മാര്‍ ഇമിഗ്രേഷന്‍ ലെജിസ്ലേഷനെ തന്നെ തടസ്സപ്പെടുത്തിയ അവസ്ഥയാണുള്ളത്. നിലവില്‍ ഹൈ സ്‌കില്‍ഡ് വര്‍ക്കര്‍മാരുടെയും സംരംഭകരുടെയും കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കാനും കുറഞ്ഞ സ്‌കില്ലുകളുള്ളവരുടെ കുടിയേറ്റം കുറയ്ക്കാനുമുള്ള നീക്കമാണ് യുഎസ് കോണ്‍ഗ്രസ് എടുത്തിരിക്കുന്നത്.