ഹാലിഫാക്‌സ് ഏരിയയിലെ കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നു; 200 ഓളം വീടുകള്‍ക്ക് നാശനഷ്ടം; ആയിരക്കണക്കിന് പേരെ അടിയന്തിരമായി മാറ്റിപ്പാര്‍പ്പിച്ചു; നഷ്ടപരിഹാരം നിര്‍ണയിക്കാന്‍ ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് കാനഡ എത്തുന്നു

ഹാലിഫാക്‌സ് ഏരിയയിലെ കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നു; 200 ഓളം വീടുകള്‍ക്ക് നാശനഷ്ടം;  ആയിരക്കണക്കിന് പേരെ അടിയന്തിരമായി മാറ്റിപ്പാര്‍പ്പിച്ചു; നഷ്ടപരിഹാരം നിര്‍ണയിക്കാന്‍  ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് കാനഡ എത്തുന്നു

ഹാലിഫാക്‌സ് ഏരിയയിലെ കാട്ടുതീ നിയന്ത്രണാതീതമായി കത്തിപ്പടര്‍ന്നതോടെ 200ല്‍ അധികം വീടുകള്‍ക്ക് കടുത്ത നാശനഷ്ടങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ട്. ഹാലിഫാക്‌സിന് വടക്ക്പടിഞ്ഞാറ് ഭാഗത്ത് ഈ കാട്ടുതീ ഇന്നലെയും പിടിവിട്ട് പടരുകയാണെന്നായിരുന്നു ഒഫീഷ്യലുകള്‍ വെളിപ്പെടുത്തിയിരുന്നത്. ഇതിനെ തുടര്‍ന്ന് തദ്ദേശവാസികളായ ആയിരക്കണക്കിന് പേരെ തീപിടിത്തത്തില്‍ നിന്ന് രക്ഷിക്കുന്നതിനായി നിര്‍ബന്ധിതമായി മാറ്റിപ്പാര്‍പ്പിച്ചിരുന്നു.


ഇവിടെ 200 വീടുകള്‍ക്ക് ഈ തീപിടിത്തത്തില്‍ ഘടനാപരമായ തകരാറ് വരുത്തുന്ന വിധത്തില്‍ നാശമുണ്ടായെന്നാണ് ഹാലിഫാക്‌സ് റീജിയണല്‍ മുനിസിപ്പാലിറ്റി ഇന്നലെ രാത്രി സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിലെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണീ കണക്കെന്നും കൂടുതല്‍ നിരീക്ഷണം നടത്തിയാല്‍ മാത്രമേ നാശനഷ്ടങ്ങളുടെ യഥാര്‍ത്ഥ തോത് മനസിലാക്കാന്‍ സാധിക്കുകയുള്ളുവെന്നും ഒഫീഷ്യലുകള്‍ പറയുന്നു.

ഇത് സംബന്ധിച്ച വിശദമായ മാപ്പിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷം തീപിടിത്തം ബാധിച്ചവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ പ്രദാനം ചെയ്യുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കുന്നു. നാശനഷ്ടങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് കാനഡയുടെ പ്രതിനിധികള്‍ കാനഡ ഗെയിംസ് സെന്ററിലെത്തുമെന്നും മുനിസിപ്പാലിറ്റി പറയുന്നു. നഷ്ടമുണ്ടായവര്‍ക്ക് ഇവരുമായി സംസാരിക്കാന്‍ വരും ദിവസങ്ങളില്‍ അവസരം നല്‍കുന്നതായിരിക്കും. തീപിടിത്തത്തെ തുടര്‍ന്ന് ഹാമണ്ട്‌സ് പ്ലെയിന്‍സ്, അപ്പര്‍ ടാന്റല്ലന്‍, പോക്ക് വോക്ക്, സബര്‍ബന്‍ കമ്മ്യൂണിറ്റികളില്‍ നിന്നാണ് കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ഹാലിഫാക്‌സില്‍ നിന്നും ഏതാണ്ട് 25 കിലോമീറ്റര്‍ അകലത്തിലുള്ള പ്രദേശങ്ങളാണിവ.

Other News in this category4malayalees Recommends