യുകെയില്‍ സ്വന്തമായൊരു വീട് വാങ്ങുകയെന്ന മലയാളികളുടെ സ്വപ്‌നം പൊലിയുമോ....? ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് അയക്കുന്ന പണത്തിന് മേലുള്ള നികുതി 20 ശതമാനമാക്കാനൊരുങ്ങുന്നു; നാട്ടില്‍ നിന്ന് പണം കൊണ്ട് വന്ന് വീട് വാങ്ങുകയെന്നത് ബുദ്ധിമുട്ടാവും

യുകെയില്‍ സ്വന്തമായൊരു വീട് വാങ്ങുകയെന്ന മലയാളികളുടെ സ്വപ്‌നം പൊലിയുമോ....? ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് അയക്കുന്ന പണത്തിന് മേലുള്ള നികുതി 20 ശതമാനമാക്കാനൊരുങ്ങുന്നു; നാട്ടില്‍ നിന്ന് പണം കൊണ്ട് വന്ന് വീട് വാങ്ങുകയെന്നത് ബുദ്ധിമുട്ടാവും

യുകെയില്‍ സ്വന്തമായൊരു വീട് വാങ്ങുകയെന്നത് ഭൂരിഭാഗം യുകെ മലയാളികളുടെയും എക്കാലത്തെയും ആഗ്രഹമാണ്. എന്നാല്‍ പലര്‍ക്കും ഇവിടെ ജോലി ചെയ്ത് കിട്ടുന്ന പണം കൊണ്ട് അതിന് സാധിക്കാറില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ സ്വദേശത്ത് നിന്ന് അഥവാ ഇന്ത്യയില്‍ നിന്ന് വസ്തുവകകള്‍ വിറ്റ് കിട്ടുന്ന പണമോ മറ്റോ ഇവിടേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് അത് ഡിപ്പോസിറ്റ് ചെയ്താണ് മിക്കവരും യുകെയില്‍ പ്രോപ്പര്‍ട്ടി വാങ്ങി വന്നിരുന്നത്.


എന്നാല്‍ ആ വഴിയും അടയാന്‍ പോവുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്. ഇന്ത്യാ ഗവണ്‍മെന്റ് ഫെബ്രുവരി ഒന്നിന് പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ബഡ്ജറ്റ് പ്രകാരം ഇന്ത്യയില്‍ നിന്നും ഇത്തരത്തില്‍ വിദേശങ്ങളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന പണത്തിന് മേലുള്ള നികുതി നിലവിലെ അഞ്ച് ശതമാനത്തില്‍ നിന്നും 20 ശതമാനമാക്കി ഒറ്റയടിക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് യുകെ മലയാളികളുടെ വീടെന്ന സ്വപ്‌നത്തിന് കടുത്ത തിരിച്ചടി നേരിടാന്‍ പോകുന്നത്.

ഇന്ത്യന്‍ പാര്‍ലിമെന്റ് ഈ ബഡ്ജറ്റ് പാസാക്കിയാല്‍ പുതിയ നികുതി വര്‍ധനവ് ജൂലൈ ഒന്ന് മുതല്‍ നിലവില്‍ വരും. നിലവിലെ നിയമപ്രകാരം വിദേശത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന തുക 8500 ഡോളറിലധികമായിരുന്നുവെങ്കില്‍ മാത്രമാണ് അഞ്ച് ശതമാനം നികുതി ചുമത്താമെന്ന് നിഷ്‌കര്‍ഷിച്ചിരിരിക്കുന്നത്. എന്നാല്‍ ബാങ്കുകള്‍ ഇത്തരത്തില്‍ എത്ര തുക ട്രാന്‍സ്ഫര്‍ ചെയ്താലും ഈ നികുതി ഈടാക്കി വരുന്നുണ്ട്. അതിനാല്‍ പുതിയ 20 ശതമാനം നികുതി നടപ്പിലായാല്‍ അതും ചെറിയ തുകകളുടെ ട്രാന്‍സാക്ഷന് മേലും ബാധകമാക്കുമെന്ന ആശങ്കയും ശക്തമാണ്.

വിദേശങ്ങളിലേക്ക് വെക്കേഷന്‍ ആവശ്യങ്ങള്‍ക്കും ടൂര്‍ പാക്കേജുകള്‍ക്കും നിക്ഷേപങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കുമായി അയക്കുന്ന പണത്തിന് മുകളിലെല്ലാം ഇത്തരത്തില്‍ നികുതി ചുമത്തി വരുന്നുണ്ട്. യുകെ മലയാളികള്‍ വീട് വാങ്ങുന്നത് ഇത്തരത്തില്‍ അയക്കുന്ന പണം നിക്ഷേപിച്ചാണെന്നതിനാലാണ് പുതിയ നികുതി വര്‍ധനവ് അവരുടെ വീടെന്ന സ്വപ്നത്തെ തച്ചുടക്കുമെന്ന ആശങ്കയേറ്റിയിരിക്കുന്നത്. വിദ്യാഭ്യാസ- മെഡിക്കല്‍ ചെലവുകള്‍ക്കായി വിദേശങ്ങളിലേക്ക് അയക്കുന്ന തുകകളെ മാത്രമാണ് ഇത്തരം നികുതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. നികുതി വെട്ടിപ്പ് നടത്തുന്ന അതിസമ്പന്നരെ ലക്ഷ്യം വച്ചാണീ നികുതി വര്‍ധനവെങ്കിലും വിദേശത്ത് ബന്ധുക്കളുള്ള അത്ര ധനികരല്ലാത്ത ഇന്ത്യക്കാരെയും ഇത് കാര്യമായി ബാധിക്കുമെന്ന ആശങ്കയാണ് ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നത്.

പുതിയ നികുതി വര്‍ധനവ് പാവപ്പെട്ട ഇന്ത്യക്കാരെ എത്തരത്തില്‍ ബാധിക്കും...?

പുതിയ നിരക്ക് വിദേശത്ത് ബന്ധുക്കളുള്ള അതിസമ്പന്നരല്ലാത്ത നിരവധി ഇന്ത്യക്കാരെ ദോഷകരമായി ബാധിക്കുമെന്നുറപ്പാണ്. ഇത്തരക്കാരുടെ പ്രതിനിധിയാണ് മലയാളിയായ ഗോപാലകൃഷ്ണ മേനോന്‍ എന്ന മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍. യുകെയിലെ ഷെഫീല്‍ഡ് ഹല്ലാം യൂണിവേഴ്‌സിറ്റിയില്‍ മാസ്റ്റര്‍ ഡിഗ്രിക്ക് പഠിക്കുന്ന തന്റെ മകളുടെ പ്രൈമറി സ്‌പോണ്‍സറാണ് അദ്ദേഹം. തന്റെ മകളുടെ അത്യാവശ്യങ്ങള്‍ക്കായി താന്‍ ഇന്ത്യയില്‍ നിന്ന് അയക്കുന്ന പണത്തിന് മേല്‍ പുതിയ നികുതി വര്‍ധനവ് എത്രത്തോളം ബാധിക്കുമെന്ന കാര്യത്തില്‍ കടുത്ത ഉത്കണ്ഠയിലാണ് മേനോന്‍.

തന്റെ മകളുടെ വീട്ട് വാടക, ഭക്ഷണം, യാത്രാ ചെലവുകള്‍, മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി താന്‍ മാസത്തില്‍ ഒരു ലക്ഷത്തോളം രൂപ യുകെയിലേക്ക് അയക്കാറുണ്ടെന്നും പുതിയ നികുതി വര്‍ധനവ് തന്റെ സാമ്പത്തിക പദ്ധതികളെ തകിടം മറിയ്ക്കുമെന്നും മേനോന്‍ ആശങ്കപ്പെടുന്നു. പുതിയ നികുതി വര്‍ധനവിന്റെ ഇരകളാകുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതിനിധിയാണ് മേനോന്‍.

സമ്പന്നരായ എമിഗ്രന്റുകളില്‍ നിന്ന് ഉചിതമായ തുക ഈടാക്കുന്ന നടപടിയെന്ന് ന്യായീകരണം

പുതിയ നികുതി വര്‍ധനവിനെതിരെ വിമര്‍ശനം കൊഴുക്കുമ്പോഴും ഇതിനെ ന്യായീകരിച്ച് ചില സാമ്പത്തിക വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. കനത്ത തോതില്‍ നികുതി കുടിശ്ശിക വരുത്തി ഹൈ- നെറ്റ്- വര്‍ത്ത് ഇന്റിവിജ്വലുകള്‍ (എച്ച്എന്‍ഐ എസ്) അഥവാ അതിസമ്പന്നര്‍ നല്ല കാര്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകുന്നതിന് മുമ്പ് അഥവാ പണമയക്കുന്നതിന് മുമ്പ് അവരുടെ നികുതി കുടിശ്ശിക ഈടാക്കുന്നതിന് ലക്ഷ്യമിട്ടുള്ള നീക്കമാണീ നികുതി വര്‍ധനവെന്നാണ് ചില ഫിനാന്‍ഷ്യല്‍ എക്‌സ്പര്‍ട്ടുകള്‍ ന്യായീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 35,000ത്തോളം എച്ച്എന്‍ഐക്കാര്‍ ഇന്ത്യ വിട്ട് പോയെന്നാണ് പുതിയ ബജറ്റ് ഇന്ത്യാസര്‍ക്കാര്‍ അവതരിപ്പിക്കുന്നതിന് ഒരു ദിവസം മുമ്പ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇവരില്‍ മിക്കവരും യുകെ, യുഎസ്എ, യുഎഇ,കാനഡ, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, യൂറോപ്പ് എന്നിവിടങ്ങളിലേക്കാണ് കടന്നിരിക്കുന്നത്. 2022ല്‍ മാത്രം ഇത്തരത്തില്‍ ഇന്ത്യ വിട്ടവര്‍ 8000 പേരാണ്. ഇവരില്‍ മിക്കവരും ഇന്ത്യയില്‍ അടക്കാനുള്ള നികുതി കുടിശ്ശിക തീര്‍ക്കാതെയാണ് രാജ്യം വിട്ടിരിക്കുന്നത്. ഇത്തരക്കാരെ നികുതി കുടിശ്ശിക അടപ്പിക്കാനാണ് പുതിയ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ചില സാമ്പത്തിക വിദഗ്ധര്‍ വാദിക്കുന്നു.

Other News in this category4malayalees Recommends