ഓസ്‌ട്രേലിയയില്‍ ഓണ്‍ലൈന്‍ ഗാംബ്ലിംഗിനായി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് നിരോധനം; പുതിയ നിയമം പാലിക്കാത്ത ബെറ്റിംഗ് കമ്പനികള്‍ക്ക് 234,750 ഡോളര്‍ പിഴ; ലക്ഷ്യം ജനങ്ങളെ ഗാംബ്ലിംഗ് അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കല്‍
ഓസ്‌ട്രേലിയയില്‍ ഓണ്‍ലൈന്‍ ഗാംബ്ലിംഗിനായി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ ഫെഡറല്‍ ഗവണ്‍മെന്റ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഗാംബ്ലിംഗ് അഡിക്ഷന്‍ രാജ്യത്ത് വര്‍ധിച്ച് വരുന്നതിന് കടിഞ്ഞാണിടുന്നതിന്റെ ഭാഗമായിട്ടാണീ നീക്കമെന്നാണ് സൂചന. പുതിയ നിയന്ത്രണം പാലിക്കാത്ത ബെറ്റിംഗ് കമ്പനികള്‍ക്ക് മേല്‍ വന്‍ പിഴ ചുമത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് സംബന്ധിച്ച ബില്‍ ഫെഡറല്‍ പാര്‍ലിമെന്റില്‍ ബുധനാഴ്ച അവതരിപ്പിച്ചിട്ടുണ്ട്.
ഇത് പ്രകാരം ഓണ്‍ലൈന്‍ ഗാംബ്ലിംഗിനായി ക്രെഡിറ്റ് കാര്‍ഡുകളും ഡിജിറ്റല്‍ കറന്‍സികളും ഉപയോഗിക്കാന്‍ പാടില്ല. ഈ നിരോധനം നടപ്പിലാക്കാത്ത ബെറ്റിംഗ് കമ്പനികള്‍ക്ക് മേല്‍ 234,750 ഡോളറായിരിക്കും പിഴ ചുമത്തുന്നത്. ഗാംബ്ലിംഗിന് എളുപ്പത്തില്‍ അടിമപ്പെടുന്ന ഓസ്‌ട്രേലിയക്കാരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനാണ് പുതിയ കടുത്ത നിയമം നടപ്പിലാക്കുന്നതെന്നാണ് കമ്മ്യൂണിക്കേഷന്‍സ് മിനിസ്റ്ററായ മൈക്കല്‍ റോളണ്ട് പറയുന്നത്.
തങ്ങളുടെ കൈവശമില്ലാത്ത പണം ഓണ്‍ലൈന്‍ ഗാംബ്ലിംഗിനായി ജനം ഉപയോഗിക്കുന്നത് തടയുന്നതിനാണ് പുതിയ നിയമം നടപ്പിലാക്കുന്നതെന്നും മിനിസ്റ്റര്‍ വിശദീകരിക്കുന്നു. ഗാംബ്ലിംഗ് ആപത്തുകളില്‍ നിന്ന് ഓസ്‌ട്രേലിയക്കാരെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും മിനിസ്റ്റര്‍ വ്യക്തമാക്കുന്നു.ഭാവിയില്‍ വരാന്‍ പോകുന്ന ക്രെഡിറ്റ്-റിലേറ്റഡ് പ്രൊഡക്ടുകള്‍ ഓണ്‍ലൈന്‍ ഗാംബ്ലിംഗിനായി ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനും പുതിയ നിയമം സര്‍ക്കാരിന് അധികാരം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു നിരോധനത്തിനായി ഒരു പാര്‍ലിമെന്ററി എന്‍ക്വയറി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇതിന് മുന്‍കൈയെടുത്തിരിക്കുന്നത്.