ജിമ്മിലെ ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു; മരണ കാരണം ഹൃദയാഘാതം

ജിമ്മിലെ ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു; മരണ കാരണം ഹൃദയാഘാതം
ജിമ്മിലെ ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ വിദ്യാര്‍ത്ഥി മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ഗാസിയാബാദിലെ സരസ്വതി വിഹാറിലാണ് സംഭവം. സിദ്ധാര്‍ത്ഥ് കുമാര്‍ സിംഗ് എന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

ജിമ്മില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ സംഭവത്തിന്റെ ദൃശ്യം പതിഞ്ഞു. സിദ്ധാര്‍ത്ഥ് ട്രെഡ്മില്‍ പതുക്കെ നിര്‍ത്തുന്നതും പിന്നാലെ ബോധം നഷ്ടപ്പെട്ട് മെഷീനില്‍ തന്നെ വീഴുന്നതുമായ ദൃശ്യമാണ് പുറത്തുവന്നത്. ആ സമയത്ത് ജിമ്മിലുണ്ടായിരുന്നവര്‍ ഓടിയെത്തി. ട്രെഡ്മില്ലില്‍ അബോധാവസ്ഥയില്‍ കിടന്ന സിദ്ധാര്‍ത്ഥിനെ ആശുപത്രിയില്‍ എത്തിച്ചു.

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും വിദ്യാര്‍ത്ഥിയുടെ മരണം സംഭവിച്ചിരുന്നു. നോയിഡയിലെ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് സിദ്ധാര്‍ത്ഥ് സിംഗ്. ബീഹാറിലെ സിവാന്‍ സ്വദേശിയാണ്. അച്ഛനോടൊപ്പം നോയിഡയിലായിരുന്നു താമസം. അമ്മ ബീഹാറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയാണ്.

ദാരുണമായ സംഭവത്തിന് 10 മിനിറ്റ് മുമ്പ് സിദ്ധാര്‍ത്ഥ് സിംഗ് അമ്മയോട് സംസാരിച്ചിരുന്നു. മൃതദേഹം ബിഹാറിലെ സിവാനിലേക്ക് കൊണ്ടുപോയി. സംഭവത്തെ തുടര്‍ന്ന് ജിം അടച്ചിട്ടിരിക്കുകയാണ്.

Other News in this category



4malayalees Recommends