ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ആശുപത്രികളിലെ ജീവനക്കാരുടെ യൂണിഫോം ഏകീകരിക്കുന്നു; തസ്തികയും റോളും പ്രകാരം ഓരോരുത്തര്‍ക്കും സമാന വസ്ത്രം; ഹോസ്പിറ്റല്‍ ബ്ലൂവില്‍ നഴ്‌സുമാരും ബോട്ടില്‍ ഗ്രീനില്‍ ഫാര്‍മസിസ്റ്റുകളും തിളങ്ങും

ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ആശുപത്രികളിലെ ജീവനക്കാരുടെ യൂണിഫോം ഏകീകരിക്കുന്നു; തസ്തികയും റോളും പ്രകാരം ഓരോരുത്തര്‍ക്കും സമാന വസ്ത്രം; ഹോസ്പിറ്റല്‍ ബ്ലൂവില്‍ നഴ്‌സുമാരും ബോട്ടില്‍ ഗ്രീനില്‍ ഫാര്‍മസിസ്റ്റുകളും തിളങ്ങും
ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ആശുപത്രികളിലെത്തുന്ന രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും ഇനി ആശുപത്രി ജീവനക്കാരുടെ തസ്തികകള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. വ്യത്യസ്ത ഗ്രേഡുകളിലുള്ള സ്റ്റാഫുകള്‍ക്കായി വ്യത്യസ്ത യൂണിഫോമുകളുടെ കാര്യത്തില്‍ കൃത്യത ഏര്‍പ്പെടുത്താന്‍ അധികൃതര്‍ ഒരുങ്ങുന്നതിനെ തുടര്‍ന്നാണിത്.

അതായത് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ദേശീയാടിസ്ഥാനത്തില്‍ തന്നെ തസ്തിക പ്രകാരമുള്ള യൂണിഫോമുകള്‍ നടപ്പിലാക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. പുതിയ പരിഷ്‌കാരമനുസരിച്ച് നഴ്‌സുമാര്‍ക്ക് ഹോസ്പിറ്റല്‍ ബ്ലൂ, ഫാര്‍മസിസ്റ്റുകള്‍ക്ക് ബോട്ടില്‍ ഗ്രീന്‍, തുടങ്ങിയ തരത്തിലുള്ള യൂണിഫോമുകളാണ് നിലവില്‍ വരാന്‍ പോകുന്നത്. മിഡ് വൈഫ്, മേട്രണ്‍, വിദ്യാര്‍ത്ഥികള്‍, തുടങ്ങിയ വിവിധ തസ്തികളിലും റോളുകളിലുമുളളവരെ വേര്‍തിരിച്ചറിയുന്നതിനായി 27 വ്യത്യസ്ത കളറുകളിലുള്ള യൂണിഫോമുകളാണ് നിലവില്‍ വരാന്‍ പോകുന്നത്.

നിലവിലെ സമ്പ്രദായമനുസരിച്ച് ഓരോ ട്രസ്റ്റും അവരുടെ ഇഷ്ടപ്രകാരമുള്ള കളറും സ്റ്റൈലുമാണ് യൂണിഫോമുകളില്‍ അനുവര്‍ത്തിച്ച് വരുന്നത്. തികച്ചും വ്യത്യസ്തമായ യൂണിഫോമുകള്‍ നല്‍കിയിരുന്ന ആറ് ലക്ഷത്തിലേറെ സ്റ്റാഫുകൡ ഫിസിയോ തെറാപ്പിസ്റ്റുകള്‍, ഡയറ്റീഷ്യന്‍മാര്‍, പീഡിയാട്രിസ്റ്റുകള്‍, ഓസ്റ്റിയോ പാത്ത് തുടങ്ങിയവര്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ ഇക്കൂട്ടത്തില്‍ ഡോക്ടര്‍മാര്‍, സര്‍ജന്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നില്ല.

സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് ഏകീകൃത യൂണിഫോം കുറേക്കാലമായി നിലവിലുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിലാകട്ടെ യൂണിഫോമുകളുടെ കാര്യത്തില്‍ ഏകീകരണമില്ലെന്ന പോരായ്മയുണ്ട്. ഇത് പരിഹരിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തിനാണ് ഉടനെ പരിഹാരമുണ്ടാകാന്‍ പോകുന്നത്. ഇംഗ്ലണ്ടിലെ വിവിധ ട്രസ്റ്റുകള്‍ക്ക് കീഴില്‍ തൊഴിലെടുക്കുന്ന സ്റ്റാഫുകള്‍ വ്യത്യസ്ത കളറുകലിലും തരങ്ങളിലുമുള്ള യൂണിഫോമുകളാണ് നിലവില്‍ ധരിക്കുന്നത്.

വര്‍ഷം തോറും 23 മില്യണ്‍ പൗണ്ടാണ് യൂണിഫോമിനായി ചെലവാകുന്നത്. പുതിയ പരിഷ്‌കാരത്തിലൂടെ യൂണിഫോം ഏകീകരിക്കുന്നതിലൂടെ ഏതാണ്ട് ഏഴ് മില്യണ്‍ പൗണ്ടായിരിക്കും ഈ വകയില്‍ ലാഭിക്കാന്‍ സാധിക്കുന്നത്. നേവി ബ്ലൂ ബോര്‍ഡറുള്ള ക്ലൗഡ് ബ്ലൂ നിറമായിരിക്കും പുതിയ നീക്കമനുസരിച്ച് സ്റ്റുഡന്റ്‌സിന്റെ യൂണിഫോം. ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്ക് ലൈലാക് കളറും ഫാര്‍മസി ടെക്‌നീഷ്യന്‍സിന് ഷേര്‍വുഡ് ഗ്രീനുമായിരിക്കും യൂണിഫോമിനുണ്ടായിരിക്കുക.

Other News in this category



4malayalees Recommends