എക്‌സ്‌പോ 2023ന് ഖത്തറില്‍ വര്‍ണാഭമായ തുടക്കമായി

എക്‌സ്‌പോ 2023ന് ഖത്തറില്‍ വര്‍ണാഭമായ തുടക്കമായി
എക്‌സ്‌പോ 2023ന് ഖത്തറില്‍ വര്‍ണാഭമായ തുടക്കമായി. 88 എട്ട് രാജ്യങ്ങളുടെ പവലിയനുകളാണ് എക്‌സപോയില്‍ അണി നിരക്കുന്നത്. ചൊവ്വാഴ്ച മുതലാണ് പൊതുജനങ്ങള്‍ക്ക് എക്‌സ്‌പോ നഗരിയില്‍ പ്രവേശനം അനുവദിക്കുക. ഫിഫ ലോകകപ്പിന്റെ വിജയകരമായ സംഘാടനത്തിന് ശേഷം ഖത്തര്‍ വേദിയാകുന്ന ആദ്യ അന്താരാഷ്ട ഈവന്റ് ആണ് ദോഹ എക്‌സപോ 2023.

ഹരിത മരൂഭൂമി, മികച്ച പരിസ്ഥിതി എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന എക്‌സ്‌പോയുടെ ഓരോ ആകര്‍ഷണങ്ങളും ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമാകും പകര്‍ന്നു നല്‍കുക. ഇന്റര്‍നാഷനല്‍, ഫാമിലി, കള്‍ചറല്‍ എന്നിങ്ങനെ മൂന്ന് സോണുകളാക്കി തിരിച്ചാണ് പ്രദര്‍ശനം. എക്‌സ്‌പോയുടെ വൈവിധ്യം അനുഭവിച്ചറിയുന്നതിനായി വിവിധ രാജ്യങ്ങളില്‍ നിന്ന് നൂറു കണക്കിന് ആളുകളാണ് ദോഹയില്‍ എത്തിയിരിക്കുന്നത്. പ്രധാന വേദിയുടെ പച്ചപ്പു നിറഞ്ഞ മേല്‍ക്കൂര ഇതിനോടകം ഗിന്നസ് റെക്കോര്‍ഡും സ്വന്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ഹരിത മേല്‍ക്കൂരയെന്ന നേട്ടത്തോടെയാണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്.

ഫാമിലി ആംഫി തിയറ്റര്‍, ജൈവവൈവിധ്യ മ്യൂസിയം, രുചി വൈവിധ്യങ്ങളുമായി ഫുഡ് കോര്‍ട്ടുകള്‍, ഖുറാനിക് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ അങ്ങനെ ഒട്ടനവധി ആകര്‍ഷണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഹമദ് വിമാനത്താവളത്തില്‍ നിന്ന് ടാക്‌സി, ബസ്, മെട്രോ, ലിമോസിന്‍ എന്നിവ മുഖേന എക്‌സ്‌പോ വേദിയിലെത്താം. എക്‌സ്‌പോ നഗരിയിലേക്ക് പ്രത്യേക ബസ് സര്‍വീസും ആരഭിച്ചിച്ചുണ്ട്. ആറ് മാസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശന മേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുപ്പത് ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.

Other News in this category4malayalees Recommends