കനേഡിയന്‍ സിഖ് ഭീകരന്‍ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തിയതിനെ കടുത്ത ഭാഷയില്‍ അപലപിച്ച് ഇന്ത്യ; വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും ഭീഷണിയെക്കുറിച്ച് അന്വേഷിക്കുമെന്നും കാനഡ; കാനഡയിലെ ഇന്ത്യക്കാര്‍ ആശങ്കയില്‍

കനേഡിയന്‍ സിഖ് ഭീകരന്‍ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തിയതിനെ  കടുത്ത ഭാഷയില്‍ അപലപിച്ച് ഇന്ത്യ; വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും ഭീഷണിയെക്കുറിച്ച് അന്വേഷിക്കുമെന്നും കാനഡ; കാനഡയിലെ ഇന്ത്യക്കാര്‍ ആശങ്കയില്‍
എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ സിഖ് തീവ്രവാദ സംഘടനയായ ഖലിസ്ഥാന്‍ കടുത്ത ഭീഷണി മുഴക്കിയതിനെ കടുത്ത ഭാഷയില്‍ അപലപിച്ച് ഇന്ത്യ രംഗത്തെത്തി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കാനഡ പ്രഖ്യാപിച്ചിട്ടുമുണ്ട്. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സിഖ് തീവ്രവാദ സംഘടനയുടെ നേതാവായ ഗുര്‍പത് വന്ത് പന്നുന്‍ ആണ് സമീപദിവസങ്ങളിലായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ ഭീഷണികളുയര്‍ത്തുന്ന പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നത്. വാരാന്ത്യ പ്രസ് ബ്രീഫിംഗില്‍ വച്ച് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം വക്താവായ അരിന്‍ദാം ബഗ്ചി കടുത്ത രീതിയിലാണീ പ്രശ്‌നം ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്.

ഇത്തരം തീവ്രവാദ ഭീഷണികളെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്നാണ് ബഗ്ചി പ്രതികരിച്ചിരിക്കുന്നത്. നവംബര്‍ 19 മുതല്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ആരും കയറരുതെന്നാണ് കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പന്നുന്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. ഇത്തരം തീവ്രവാദികളെ വച്ച് പൊറുപ്പിക്കരുതെന്ന് വിദേശ ഗവണ്‍മെന്റുകള്‍ക്ക് മുകളില്‍ സമ്മര്‍ദം ചെലുത്തുമെന്ന ഇന്ത്യയുടെ പ്രഖ്യാപിത നയം ഈ വിഷയത്തിലും അനുവര്‍ത്തിക്കുമെന്നാണ് ബഗ്ചി വ്യക്തമാക്കിയിരിക്കുന്നത്.സിഖ് ഫോര്‍ ജസ്റ്റിസും പന്നുനും ഇന്ത്യയുടെ ഹിറ്റ് ലിസ്റ്റിലുള്ളവരാണ്. ഈ ഭീഷണി മുഴക്കലിനെക്കുറിച്ച് കാനഡ നിശ്ചയമായും അന്വേഷണം നടത്തുമെന്നാണ് കാനഡയിലെ മിനിസ്റ്റര്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിച്ചിരിക്കുന്നത്.

ഏവിയേഷന്‍ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് കനേഡിയന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും ഇത്തരം ഭീഷണികളെ സര്‍ക്കാര്‍ ഗൗരവകരമായിട്ടാണ് കാണുന്നതെന്നും മിനിസ്റ്റര്‍ വ്യക്തമാക്കുന്നു. വിമാനയാത്രക്കാരെ സുരക്ഷിതരാക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്നും മിനിസ്റ്റര്‍ ഉറപ്പേകുന്നു. എന്നാല്‍ ഇത്രയും ഭീഷണി മുഴക്കുന്ന പ്രഖ്യാപനം പരസ്യമായി നടത്തിയിട്ടും പന്നുനിനെ അറസ്റ്റ് ചെയ്യാന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്താണ് മടിച്ച് നില്‍ക്കുന്നതെന്ന ആശങ്ക നിറഞ്ഞ ചോദ്യമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നുയരുന്നത്. ഇന്ത്യക്കാരായ ലക്ഷണക്കിന് കുടിയേറ്റക്കാരാണ് കാനഡയിലുളളത്. അവര്‍ എയര്‍ ഇന്ത്യ വിമാനങ്ങളിലാണ് കാനഡയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. അതിനാല്‍ ഇത്തരമൊരു ഭീഷണി ഇന്ത്യക്കാരുടെ സുരക്ഷക്ക് കടുത്ത ഭീഷണിയാണുയര്‍ത്തിയിരിക്കുന്നതെന്നാണ് ഇന്ത്യ വാദിക്കുന്നത്.

കാനഡയില്‍ സിഖ് തീവ്രവാദി ഹര്‍ദീപ് സിംഗ് നിജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന വിവാദ പ്രഖ്യാപനം ട്രൂഡോ നടത്തിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ വഷളായിരിക്കുന്ന വേളയിലാണ് സിഖ് ഭീകരന്‍ എയര്‍ ഇന്ത്യക്ക് നേരെ ഭീഷണിയുയര്‍ത്തിയിരിക്കുന്നതെന്നത് ബന്ധങ്ങള്‍ ഇനിയും വഷളാകുമെന്ന ആശങ്കയും ശക്തമാക്കിയിട്ടുണ്ട്. കാനഡയില്‍ ഖലിസ്ഥാന്‍ പ്രസ്ഥാനം പോലുള്ള ഇന്ത്യാ വിരുദ്ധ വികാരം വളര്‍ത്തുന്നതിന് ട്രൂഡോ സര്‍ക്കാര്‍ തണലേകുന്നുവെന്ന ആരോപണം നേരത്തെ ഇന്ത്യ ഉയര്‍ത്തിയിരുന്നു.

Other News in this category4malayalees Recommends