അഹമ്മദാബാദില്‍ ഞായറാഴ്ച ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ ഫൈനല്‍ മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാള്‍സും വിശിഷ്ടാതിഥികളായെത്തും.ഇവര്‍ക്ക് പുറമെ ബോളിവുഡ് താരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, ക്രിക്കറ്റ് താരങ്ങളുടെ കുടുംബാംഗങ്ങളും മറ്റ് നിരവധി വിഐപികളും സദസ്സിന് നിറം പകരാനെത്തും. അഹമ്മദാബാദിലെ മോടെറയിലുള്ള നരേന്ദ്രമോഡി സ്‌റ്റേഡിയത്തിലാണ് വാശിയേറിയ ഫൈനല്‍ മത്സരം നടക്കുന്നത്. മത്സത്തിന്റെ സുരക്ഷയും മറ്റ് അറേഞ്ച്‌മെന്റുകളും വിലയിരുത്തുന്നതിനായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഇന്നലെ അഹമ്മദാബാദില്‍ ഉന്നതതല യോഗം വിളിച്ചിരുന്നു.
മത്സരം വീക്ഷിക്കാന്‍ മോഡിയും ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രിയുമെത്തുമെന്ന കാര്യം പട്ടേല്‍ ഈ യോഗത്തില്‍ വച്ച് പുറത്തിറക്കിയ പ്രസ് റിലീസില്‍ സ്ഥിരീകരിച്ചിരുന്നു. നവംബര്‍ 20 തിങ്കളാഴ്ച ദല്‍ഹിയില്‍ വച്ച് നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ മന്ത്രിതല ചര്‍ച്ചയായ 2 പ്ലസ് 2 ഡിഫെന്‍സ് ആന്‍ഡ് ഫോറിന്‍ മിനിസ്‌റ്റേര്‍സ് മീറ്റിംഗില്‍ പങ്കെടുക്കാനാണ് മാള്‍സ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ഈ മീറ്റിംഗില്‍ പങ്കെടുക്കാനായി ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രിയായ പെന്നി വോന്‍ഗും ദല്‍ഹിയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിലവില്‍ ഇന്തോനേഷ്യയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് പോയ വോന്‍ഗും ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ടീമിന് ആവേശം പകരാനായി അഹമ്മദാബാദിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
മത്സരം നടക്കുന്ന പശ്ചാത്തലത്തില്‍ അഹമ്മദാബാദ് നഗരത്തിലും സ്റ്റേഡിയത്തിന് ചുറ്റിലും കടുത്ത സുരക്ഷയാണ് ഗുജറാത്ത് ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി പ്രാദേശിക പോലീസ് സേനകള്‍ക്ക് പുറമെ മറ്റ് ഫോഴ്‌സുകളെയും നിയോഗിച്ചിട്ടുണ്ട്. കളി കാണാന്‍ ഏതാണ്ട് ഒരു ലക്ഷത്തോളം കാണികള്‍ ഇവിടേക്കെത്തുമെന്നാണ് കരുതുന്നത്. ഗ്രൗണ്ട്, ടീമുകള്‍, വിഐപികള്‍, തുടങ്ങിയവര്‍ക്ക് സുരക്ഷയുറപ്പാക്കാനും ട്രാഫിക് കൈകാര്യം ചെയ്യുന്നതിനുമായി 45,00 പോലീസുകാരെയായിരിക്കും ഇവിടെ വിന്യസിക്കുന്നത്. മാച്ച് ആരംഭിക്കുന്നതിന് മുമ്പായി ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യ കിരണ്‍ എയറോബാറ്റിക്‌സ് ടീം നടത്തുന്ന എയര്‍ഷോയും അരങ്ങേറുന്നതായിരിക്കും.മത്സത്തില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ ടീം അഹമ്മദാബാദിലേക്ക് വ്യാഴാഴ്ച എത്തിയപ്പോള്‍ ഓസ്‌ട്രേലിയന്‍ ടീം എത്തിയത് വെള്ളിയാഴ്ചയാണ്. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കായുള്ള ഒരു ക്രിക്കറ്റ് മാച്ച് കാണാന്‍ ഈ വര്‍ഷം ആദ്യം മോഡിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അന്തോണി ആല്‍ബനീസും ഒരുമിച്ചെത്തിയിരുന്നു.