സില്‍ക്യാര ടണലില്‍ നിന്ന് രക്ഷപ്പെട്ട 41 പേരും ആശുപത്രിയില്‍ തുടരും; തൊഴിലാളികളുമായി പ്രധാനമന്ത്രി സംസാരിച്ചു
സില്‍ക്യാരയില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 41 തൊഴിലാളികളും ഇന്നും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ച് ആയിരിക്കും അടുത്ത പരിപാടികള്‍ തീരുമാനിക്കുക. രക്ഷപ്പെട്ട ഓരോ തൊഴിലാളിക്കും ഒരു ലക്ഷം രൂപ വീതം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം തൊഴിലാളികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രിയില്‍ ടെലിഫോണില്‍ സംസാരിച്ചു. 41 തൊഴിലാളികളെയും രക്ഷപ്പെടുത്തുന്നതില്‍ ഭാഗമായത് അഭിമാനമെന്ന് സ്‌ക്വാഡ്രണ്‍ സിഇഒയും മലയാളിയുമായ സിറിയക് ജോസഫ് പറഞ്ഞു. ടണലിന്റെ സുരക്ഷയെ കുറിച്ചുള്ള പരിശോധന റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
വ്യോമസേനയും റെയില്‍വെയും ദൗത്യത്തിനു വേണ്ട ഉപകരണങ്ങള്‍ ഇവിടെ എത്തിച്ചു. കരസേനയുടെ എഞ്ചിനീയറിംഗ് വിഭാഗവും ദൗത്യത്തില്‍ പങ്കു ചേര്‍ന്നു. പല സ്വകാര്യ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വിദഗ്ധര്‍ പങ്കാളികളായി. വിദേശവിദഗ്ധരുടെ സഹായം തേടി. തൊഴിലാളികളെ പുറത്തെത്തിക്കാന്‍ തുരങ്കത്തിന് മുകളില്‍ നിന്ന് താഴേക്ക് കുഴിക്കുന്നത് ഉള്‍പ്പടെ അഞ്ചു പദ്ധതികള്‍ തയ്യാറാക്കി. എന്നാല്‍ ഇപ്പോള്‍ വിജയിച്ച വഴിയല്ലാതെ എല്ലാ പദ്ധതികളും ഏറെ വൈകുമായിരുന്നു. ഒടുവില്‍ രാജ്യത്തിന് ആശ്വാസ വാര്‍ത്ത എത്തുകയായിരുന്നു.