സൗത്ത് ഓസ്‌ട്രേലിയയും നാസി സിംബലുകളും നാസി സല്യൂട്ടുകളും പൊതുഇടങ്ങളില്‍ നിരോധിച്ചുവെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെ മറ്റ് ചില സ്‌റ്റേറ്റുകള്‍ നേരത്തെ തന്നെ ഇക്കാര്യത്തിലെടുത്ത കടുത്ത നിലപാട് ഇപ്പോള്‍ സൗത്ത് ഓസ്‌ട്രേലിയയും പിന്തുടര്‍ന്നിരിക്കുകയാണ്.ഇത് സംബന്ധിച്ച പുതിയ നിയമങ്ങള്‍ സ്റ്റേറ്റ് പാര്‍ലിമെന്റിലെത്തിയിരിക്കുകയാണ്. ഇത് പ്രകാരം സ്വസ്തിക, നാസി സല്യൂട്ട് തുടങ്ങിയവ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക് 20,000 ഡോളര്‍ പിഴ അല്ലെങ്കില്‍ 12 മാസം ജയില്‍ശിക്ഷ നല്‍കുമെന്നാണ് സൗത്ത് ഓസ്‌ട്രേലിയയുടെ ഇത് സംബന്ധിച്ച പുതിയ നിയമങ്ങള്‍ മുന്നറിയിപ്പേകുന്നത്.
ഇത് പ്രകാരം പൊതുഇടങ്ങളില്‍ നാസി ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും നാസി സല്യൂട്ട് നിര്‍വഹിക്കുന്നതും കടുത്ത കുറ്റമായിരിക്കും.അക്കാദമിക്, എഡ്യുക്കേഷണല്‍, മതപരം, ആര്‍ട്ടിസ്റ്റിക് ആവശ്യങ്ങള്‍ക്കും നാസി സിംബലുകള്‍ ഉപയോഗിക്കുന്നതിനെ പുതിയ നിയമങ്ങള്‍ കര്‍ക്കശമായി വിലക്കുന്നുണ്ട്. ഇത് സംബന്ധിച്ച നിയമം സൗത്ത് ഓസ്‌ട്രേല ിയന്‍ പാര്‍ലിമെന്റില്‍ നാളെയാണ് അവതരിപ്പിക്കാന്‍ പോകുന്നത്. ഈ നിയമത്തിന് വ്യാപകമായ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയും ശക്തമാണ്. ഓസ്‌ട്രേലിയയിലാകമാന നിയോ നാസി ഗ്രൂപ്പുകള്‍ ആന്റി സെമിറ്റിക്, ഇമിഗ്രേഷന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് അതിനെ പ്രതിരോധിക്കുന്നതിനായി പുതിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ പോകുന്നതെന്നാണ് അറ്റോര്‍ണി ജനറളായ ക്യാം മാഹെര്‍ വിശദീകരിച്ചിരിക്കുന്നത്.
മനുഷ്യത്വവിരുദ്ധമായ നാസിനം എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് പുതിയ നിയമങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ നിരോധിക്കപ്പെട്ട നാസി ചിഹ്നങ്ങള്‍ കര്‍ക്കശമായി നീക്കം ചെയ്യുന്നതിന് പോലീസിന് കൂടുതല്‍ അധികാരം നല്‍കുന്നതായിരിക്കും പുതിയ നിയമങ്ങളെന്നും മാഹെര്‍ ഉറപ്പേകുന്നു. വൈവിധ്യത്തെയും വിവിധ വിശ്വാസങ്ങളെയും ഊഷ്മളമായി സ്വാഗതം ചെയ്ത് വരുന്ന സൗത്ത് ഓസ്‌ട്രേലിയയില്‍ പുതിയ നിയമങ്ങള്‍ക്ക് ഏവരില്‍ നിന്നും കടുത്ത പിന്തുണ ലഭിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അറ്റോര്‍ണി ജനറല്‍ അഭിപ്രായപ്പെടുന്നു.വെറുപ്പ്, ആക്രമണം, അസഹിഷ്ണുത, സമൂഹത്തില്‍ ഭിന്നത തുടങ്ങിയവയുണ്ടാക്കുന്ന ഇത്തരം ചിഹ്നങ്ങള്‍ക്ക് സൗത്ത് ഓസ്‌ട്രേലിയയില്‍ സ്ഥാനമില്ലെന്ന ശക്തമായ സന്ദേശമാണ് പുതിയ നിയമങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.