വിക്ടോറിയയില്‍ ഇലക്ട്രിക് വാഹനങ്ങളില്‍ നിന്ന് ഈടാക്കിയിരുന്ന നികുതി തിരിച്ച് നല്‍കാന്‍ നിര്‍ബന്ധിതമായി സര്‍ക്കാര്‍; നീക്കം നിര്‍ണായകമായ ഹൈക്കോടതി വിധിയെ തുടര്‍ന്ന്; ഏഴ് മില്യണ്‍ ഡോളറോളം ഗവണ്‍മെന്റ് തിരിച്ച് നല്‍കേണ്ടി വരും
വിക്ടോറിയയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നികുതി സര്‍ക്കാര്‍ തിരിച്ച് നല്‍കുന്നു. ഈ നികുതി തീര്‍ത്തും ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് വിക്ടോറിയന്‍ ഗവണ്‍മെന്റ് ഈ നികുതി തിരിച്ച് നല്‍കാന്‍ തയ്യാറായിരിക്കുന്നത്. ഇത്തരത്തില്‍ ഇലക്ട്രിക് വാഹന ഉടമകളില്‍ നിന്ന് മൊത്തത്തില്‍ പിരിച്ചെടുത്ത ഏതാണ്ട് ഏഴ് മില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ തിരിച്ച് നല്‍കാന്‍ പോകുന്നുവെന്ന കാര്യം ട്രഷറര്‍ ചിം പല്ലാസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തെ നിര്‍ണായകമായ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് വിക്ടോറിയന്‍ സര്‍ക്കാര്‍ ഇതിന് വഴങ്ങിയിരിക്കുന്നത്.
വിക്ടോറിയയിലെ റോഡ് യൂസര്‍ ടാക്‌സ് കുറഞ്ഞ മാലിന്യം മാത്രം പുറന്തള്ളുന്ന ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് മേല്‍ ചുമത്തിയത് തീര്‍ത്തും ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഹൈക്കോടതി കണ്ടെത്തിയിരുന്നത്. അര്‍ഹതയുള്ളവര്‍ ആരെല്ലാമെന്ന് കണ്ടെത്തി പണം തിരിച്ച് നല്‍കുന്ന പ്രക്രിയ കുറ്റമറ്റതായി നടപ്പിലാക്കാന്‍ മാസങ്ങളെടുക്കുമെന്നാണ് ട്രഷറര്‍ പറയുന്നത്. ഇത്തരത്തില്‍ നികുതി ഇളവിന് ആരെല്ലാമാണ് അര്‍ഹരെന്ന് കണ്ടെത്തുന്ന പ്രക്രിയ തങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും ട്രഷറര്‍ വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ നികുതി തിരിച്ച് നല്‍കാനെടുക്കുന്ന കാലതാമസത്തിനനുസരിച്ച് ഉടമകള്‍ക്ക് പലിശ സഹിതമായിരിക്കും പണം തിരിച്ച് നല്‍കുകയെന്നും ട്രഷറര്‍ ഉറപ്പേകുന്നു.
ഇസഡ്എല്‍ഇവി റോഡ് യൂസര്‍ ചാര്‍ജ് വിക്ടോറിയന്‍ ഗവണ്‍മെന്റ് ആരംഭിച്ചതിനെ തുടര്‍ന്ന് വിക്ടോറിയയിലെ ഡ്രൈവര്‍മാരായ ക്രിസ് വാന്‍ഡര്‍സ്‌റ്റോക്കും കാത്ത് ഡേവീസും ലോഞ്ച് ചെയ്ത ലോ സ്യൂട്ടിനെ തുടര്‍ന്നാണ് ഹൈക്കോടതി ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഈ നിയമമനുസരിച്ച് ഇലക്ട്രിക്, ഹൈഡ്രജന്‍ വാഹന ഉടമകളില്‍ നിന്ന് കിലോമീറ്ററിന് 2.8 സെന്റ്‌സായിരുന്നു വര്‍ഷത്തില്‍ നികുതിയായി ഈടാക്കിയിരുന്നത്.പ്ലഗ് ഇന്‍ ഹൈബ്രിഡ് ഓണര്‍മാരില്‍ നിന്ന് 2.3 സെന്റ്‌സായിരുന്നു ഇത്തരത്തില്‍ വസൂലാക്കിയിരുന്നത്. ക്രിസ്മസിന് മുമ്പ് ഈ തുക തിരിച്ച് നല്‍കണമെന്നാണ് ഷാഡോ ട്രഷററായ ബ്രാഡ് റൗസ് വെല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ നികുതി നിയമാനുസൃതമായ നികുതിയല്ലെന്ന് ഒക്ടോബര്‍ മുതല്‍ സര്‍ക്കാര്‍ തിരിച്ചറിഞ്ഞിരുന്നുവെന്നും എന്നിട്ടും ഇത് തിരികെ നല്‍കാന്‍ തയ്യാറായില്ലെന്നും ബ്രാഡ് ആരോപിക്കുന്നു.