ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസിന് വഴിത്തിരിവായത് രേഖാചിത്രമാണ്. കേസില്‍ ഏറെ സഹായകമായ രേഖാചിത്രം വരച്ചത് ദമ്പതികളായ സ്മിതയും ഷജിത്തുമാണ്. ഇരുവരും ചിത്രകരായ ദമ്പതികളാണ്. ആദ്യമായാണ് ഇത്തരമൊരു രേഖാചിത്രം ഇരുവരും വരയ്ക്കുന്നത്. അഞ്ച് മണിക്കൂര്‍ കൊണ്ടാണ് രേഖചിത്ര പൂര്‍ത്തിയാക്കിയത് എന്ന് ദമ്പതികള്‍ പറഞ്ഞു
ആറുവയസുള്ള കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് രേഖാചിത്രം തയ്യാറാക്കിയത് ഏറെ ശ്രമകരമായ ജോലി തന്നെയാണെങ്കിലും പ്രതി പിടിയിലായപ്പോള്‍ ആശ്ചര്യപ്പെടുത്തുന്ന സാമ്യതയാണ് ദമ്പതികള്‍ വരച്ച രേഖാചിത്രത്തിന് ഉണ്ടായത്.
ഓരോ കാര്യങ്ങളും ചോദിക്കുമ്പോള്‍ നല്ല വ്യക്തതയോടെയും ധാരണയോടെയും തന്നെയാണ് കുട്ടി മറുപടി പറഞ്ഞത്. അത് ഏറെ സഹായകരമായി.
ഓരോ ഭാഗങ്ങള്‍ വരയ്ക്കുമ്പോഴും കുഞ്ഞിനോട് വിവരങ്ങള്‍ ചോദിക്കുമ്പോള്‍ അവള്‍ക്ക് നല്ല ധാരണയുണ്ടായിരുന്നുവെന്ന് ഷാജിത്ത് പറഞ്ഞു. പ്രതികളുമായി രണ്ട് ദിവസത്തെ പരിചയമുണ്ടായിരുന്നത് കൊണ്ടുതന്നെ കുഞ്ഞിന് അവരെക്കുറിച്ച് നല്ല വ്യക്തതയുണ്ടായിരുന്നുവെന്നും ഷജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
കൊല്ലം ഓയൂരിലെ അഭിഗേല്‍ സാറയെ തട്ടി കൊണ്ട് പോയ രാത്രി 12 മണിയായപ്പോള്‍ ACP പ്രദീപ് സാറിന്റെ ഫോണ്‍ വന്നു. പ്രതികളുടെ രേഖാ ചിത്രം വരയ്ക്കണം എന്ന് ആവശ്യപ്പെട്ട് ആദ്യം രണ്ട് ദൃക്‌സാക്ഷികളെ ഞങ്ങളുട വീട്ടിലേക്ക് കൊണ്ടുവന്നു. അവര്‍ പറഞ്ഞതനുസരിച്ച് രേഖാചിത്രങ്ങള്‍ വെളുപ്പിന് 4 മണിയോടെ തയ്യാറാക്കി നല്‍കി. പിന്നീട് അഭിഗേല്‍ സാറയെ കണ്ടെത്തിയ ശേഷം കുഞ്ഞിന്റെ അഭിപ്രായം കേട്ട ശേഷം കൊല്ലം വിക്ടോറിയ ഹോസ്പിറ്റലില്‍ വച്ച് മൂന്ന് രേഖാ ചിത്രം കൂടി വരച്ച് നല്‍കി. ഇപ്പോള്‍ അന്വേഷണത്തിന് നിര്‍ണ്ണായക കാരണം ഞങ്ങള്‍ വരച്ച രേഖാ ചിത്രങ്ങള്‍ കൂടി കാരണമായി എന്നറിഞ്ഞതില്‍ അതിയായ സന്തോഷം കൂടെ ഉറക്കമൊഴിച്ച് നിന്ന പോലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ , വിനോദ് റസ്‌പോണ്‍സ് യു.എം ബിന്നി മറ്റ് സുഹൃത്തുക്കള്‍ ….. എല്ലാവര്‍ക്കും നന്ദി സ്‌നേഹം അഭിഗേല്‍ സാറ (ഞങ്ങളുടെ മിയ കുട്ടി) നിര്‍ണ്ണായക അടയാളങ്ങള്‍ തന്നതിന്