കൊല്ലം ഓയൂരില്‍നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ പത്മകുമാര്‍ ഒന്നാം പ്രതി, ഭാര്യ അനിത രണ്ടാം പ്രതി, മകള്‍ അനുപമ മൂന്നാം പ്രതി. പ്രതികളെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ ശേഷം കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കും.
പുലര്‍ച്ചെ 3 മൂന്ന് മണി വരെ മൂന്ന് പേരെയും വിശദമായി ചോദ്യം ചെയ്തു. ഇവര്‍ നല്‍കിയ മൊഴികളില്‍ അന്വേഷണ സംഘം ഇന്ന് വ്യക്തത വരുത്തും. ലോണ്‍ ആപ്പ് വഴിയും വായ്പയെടുത്തെന്ന് പത്മകുമാറിന്റെ മൊഴി. പത്മകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ മാറ്റി പറയുന്നതാണ് സംഘത്തെ കുഴപ്പിക്കുന്നത്. സാമ്പത്തിക ബാധ്യത തീര്‍ക്കാനുള്ള ബ്ലാക് മെയിലിംഗ്, പെണ്‍കുട്ടിയുടെ അച്ഛനുമായുള്ള ബന്ധം, സാമ്പത്തിക തട്ടിപ്പ് എന്നിവയില്‍ ഇന്ന് കൃത്യം ആയ നിഗമനത്തിലെത്തും.
5 ലക്ഷം ഫോളോവേഴ്‌സ് ഉള്ള യൂട്യൂബര്‍ കൂടിയാണ് അനുപമ. ചാനലില്‍ അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പാണ്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളെയും കുറിച്ചാണ് വീഡിയോകള്‍ ഏറെയും. ഇവരുടെ വൈറല്‍ വീഡിയോകളുടെ റിയാക്ഷന്‍ വീഡിയോയും ഷോര്‍ട്‌സുമാണ് അനുപമ പത്മന്‍ എന്ന യൂട്യൂബ് ചാനലില്‍ കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്.
കിഡ്‌നാപ്പിംഗിന് പല തവണ ശ്രമിച്ചു, ഭീഷണിക്കത്ത് തയാറാക്കി. കേസില്‍ മറ്റാര്‍ക്കും പങ്കില്ല എന്നും പ്രതികള്‍ മൊഴി നല്‍കി. കുട്ടിയുമായി ആശാമം മൈതാനത്ത് ഓട്ടോയില്‍ വന്നത് പത്മകുമാറിന്റെ ഭാര്യ അനിതാ കുമാരിയാണ്. ചിന്നക്കടയിലൂടെ നീലക്കാറില്‍ കുട്ടിയെ എത്തിച്ചത് പത്മകുമാറും ഭാര്യയുമാണ. ലിങ്ക് റോഡില്‍ ഭാര്യയെയും കുട്ടിയേയും ഇറക്കി പത്മകുമാര്‍ ജ്യൂസ് കടയ്ക്കടുത്ത് കാത്തുനിന്നു. ലിങ്ക് റോഡില്‍ നിന്ന് ഓട്ടോയില്‍ അനിതാ കുമാരി കുട്ടിയെ മൈതാനത്തിറക്കി രക്ഷപ്പെട്ടു.
പത്മകുമാറിന്റെ കൂട്ടാളികളെക്കുറിച്ചുള്ള അന്വേഷണവും തുടരുകയാണ്. പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. കസ്റ്റഡിയിലുള്ളവരെ നേരിട്ട് കാണിച്ച് കുട്ടിയുടെ മൊഴിയെടുക്കും. ഡിഐജിയും എഡിജിപിയും അടൂര്‍ കെഎപി ക്യാമ്പില്‍ തന്നെ തുടരുകയാണ്. ചോദ്യം ചെയ്യല്‍ നീണ്ടതോടെയാണ് ഇന്നലെ രാത്രി നടത്താന്‍ തീരുമാനിച്ചിരുന്ന വാര്‍ത്താസമ്മേളനം ഒഴിവാക്കിയത്.