കോണ്‍ഗ്രസ് എംപിയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്, 36 നോട്ടെണ്ണല്‍ യന്ത്രമുപയോഗിച്ചിട്ടും എണ്ണി തീര്‍ന്നില്ല ; കണ്ടെത്തിയത് 250 കോടിയിലേറെയെന്ന് റിപ്പോര്‍ട്ട്

കോണ്‍ഗ്രസ് എംപിയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്, 36 നോട്ടെണ്ണല്‍ യന്ത്രമുപയോഗിച്ചിട്ടും എണ്ണി തീര്‍ന്നില്ല ; കണ്ടെത്തിയത് 250 കോടിയിലേറെയെന്ന് റിപ്പോര്‍ട്ട്
കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും വീടുകളിലും തിരച്ചില്‍ നടത്തിയതായി ഐടി വൃത്തങ്ങള്‍. ഒഡീഷ ആസ്ഥാനമായുള്ള ഡിസ്റ്റിലറി ഗ്രൂപ്പിനും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കുമെതിരെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഇതുവരെ ഏകദേശം 250 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയെന്ന് അധികൃതര്‍ അറിയിച്ചു. സാഹുവിന്റെ വീട്ടില്‍ നിന്ന് മാത്രം 100 കോടിയിലേറെ പണം പിടിച്ചെടുത്തു. ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫിസുകളിലാണ് ബുധനാഴ്ച റെയ്ഡ് നടത്തിയത്. റെയ്ഡ് ഇപ്പോഴും തുടരുന്നു. ഇതുവരെ 200 കോടിയിലധികം രൂപ കണ്ടെടുത്തിട്ടുണ്ടെന്നും മൊത്തം എണ്ണിക്കഴിയുമ്പോള്‍ 250 കോടി രൂപയിലേറെയായിരിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

36 കൗണ്ടിംഗ് മെഷീനുകള്‍ എത്തിച്ചാണ് ഉദ്യോഗസ്ഥര്‍ നോട്ടെണ്ണുന്നത്. യന്ത്രങ്ങള്‍ കുറവായതിനാല്‍ നോട്ടെണ്ണല്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഝാര്‍ഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും തിരച്ചില്‍ നടത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു.

അലമാരകളില്‍ സൂക്ഷിച്ചിരുന്ന 200 കോടി രൂപ ബലംഗീര്‍ ജില്ലയിലെ ഡിസ്റ്റിലറി ഗ്രൂപ്പിന്റെ പരിസരത്തുനിന്നും ബാക്കി തുക ഒഡീഷയിലെ സംബല്‍പൂര്‍, സുന്ദര്‍ഗഡ്, ബൊക്കാറോ, ജാര്‍ഖണ്ഡിലെ റാഞ്ചി എന്നിവിടങ്ങളില്‍നിന്നും കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാഹുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു ബിസിനസ് ഗ്രൂപ്പിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഐടി വകുപ്പ് 200 കോടി രൂപ വീണ്ടെടുത്തതിനെക്കുറിച്ചുള്ള വാര്‍ത്താ റിപ്പോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ചു.

ഈ കറന്‍സി നോട്ടുകളുടെ കൂമ്പാരം നോക്കണം, എന്നിട്ട് കോണ്‍ഗ്രസ് നേതാക്കളുടെ സത്യസന്ധതയെക്കുറിച്ചും നമ്മള്‍ കേള്‍ക്കണം. ജനങ്ങളില്‍ നിന്ന് കൊള്ളയടിക്കുന്ന ഓരോ പൈസയും തിരികെ നല്‍കേണ്ടിവരും. ഇത് മോദിയുടെ ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

Other News in this category4malayalees Recommends