ജാസ്പര്‍ സൈക്ലോണ്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആളുകള്‍ മുന്‍കരുതലായി സാധനങ്ങള്‍ അധികമായി വാങ്ങുന്ന പ്രവണത വര്‍ധിച്ചതിനെ തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. ജാസ്പര്‍ നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡിനടുത്തെത്തിയ വേളയിലാണ് ഈ സ്ഥിതി സംജാതമായിരിക്കുന്നത്. സൈക്ലോണിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ക്ക് അവധി കൊടുക്കുന്ന കാര്യവും അധികൃതര്‍ പരിഗണിച്ച് വരുന്നുണ്ട്. നിലവില്‍ വെതര്‍ സിസ്റ്റം കാറ്റഗറി ത്രീയിലാണുള്ളത്. ഇത് ഇനിയും വഷളായി ഞായര്‍ അല്ലെങ്കില്‍ തിങ്കളാഴ്ച കാറ്റഗറി ടുവിലെത്തുമെന്നും സൂചനയുണ്ട്.
നിലവില്‍ സൈക്ലോണ്‍ കെയിറേണ്‍സിന് 960 കിലോമീറ്റര്‍ കിഴക്കാണ് വീശിയടിക്കുന്നത്. ഇത് തീരത്തെ മുറിച്ച് കടക്കുമ്പോള്‍ വീണ്ടും ശക്തിപ്രാപിക്കുമെന്ന ആശങ്കയുമുയരുന്നുണ്ട്. സൈക്ലോണ്‍ ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളോട് കരുതിയിരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആളുകള്‍ സാധനങ്ങള്‍ അധികമായി വാങ്ങി കരുതല്‍ നടപടികള്‍ സ്വീകരിച്ച് വരുന്നത്. തല്‍ഫലമായി സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഷെല്‍ഫുകള്‍ കാലിയായിക്കൊണ്ടിരിക്കുന്ന അവസ്ഥയും പെരുകുന്നുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധനങ്ങളില്ലെന്ന അവസ്ഥ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ആളുകളോട് ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.
സൈക്ലോണ്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായുണ്ടാക്കുമെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി കടുത്ത മുന്നറിയിപ്പേകിയതിനാല്‍ ആളുകള്‍ പരിഭ്രാന്തരാണ്. ഇതിനെ തുടര്‍ന്നാണ് അവര്‍ അവശ്യ സാധനങ്ങള്‍ കൂടുതലായി വാങ്ങി കരുതുന്ന സ്ഥിതിയുണ്ടായിരിക്കുന്നത്. സൈക്ലോണ്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകളും അപകടങ്ങളുമുണ്ടാക്കാന്‍ സാധ്യതയുളള പ്രദേശങ്ങള്‍ കേപ് മെല്‍വില്ലെക്കും ലൂസിന്‍ഡക്കുമിടയിലാണെന്നും ഇവയില്‍ കുക്ക് ടൗണും കെയ്‌റേണ്‍സുമുള്‍പ്പെടുന്നുവെന്നും മുന്നറിയിപ്പുണ്ട്. ഇതിനെ തുടര്‍ന്ന് ഇവിടങ്ങളിലുളളവര്‍ ആവശ്യത്തില്‍ കൂടുതല്‍ അവശ്യ സാധനങ്ങള്‍ വാങ്ങി സംഭരിക്കുന്ന പ്രവണതയേറി വരുന്നുവെന്നാണ് റിപ്പോര്‍ട്ട്.