ഋഷി സുനകിനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റി ബോറിസിനെ പ്രതിഷ്ഠിക്കാന്‍ ടോറി പാര്‍ട്ടിയില്‍ നീക്കം; ഫരാജുമായി കൈകോര്‍ത്ത് സുനകിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ ബോറിസ് പക്ഷം; പ്രതിരോധത്തിന് കച്ചമുറുക്കി സുനക് പക്ഷവും; ടോറിപാളയത്തില്‍ കലാപക്കൊടി

ഋഷി സുനകിനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റി ബോറിസിനെ പ്രതിഷ്ഠിക്കാന്‍ ടോറി പാര്‍ട്ടിയില്‍ നീക്കം; ഫരാജുമായി കൈകോര്‍ത്ത് സുനകിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ ബോറിസ് പക്ഷം; പ്രതിരോധത്തിന് കച്ചമുറുക്കി സുനക് പക്ഷവും; ടോറിപാളയത്തില്‍ കലാപക്കൊടി
ഋഷി സുനകിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ജനപ്രീതി കുത്തനെ താഴോട്ട് ഇടിഞ്ഞതിനെ തുടര്‍ന്ന് സുനകിനെ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കാനും തല്‍സ്ഥാനത്ത് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ വാഴിക്കാനും ബോറിസ് അനുയായികള്‍ കടുത്ത നീക്കങ്ങളാരംഭിച്ചുവെന്ന് സൂചന. നെജല്‍ ഫരാജുമായി കൈകോര്‍ത്ത് ടോറി പാര്‍ട്ടിയില്‍ ഒരു അട്ടിമറി ശ്രമത്തിന് ഇവര്‍ പദ്ധതിയിടുന്നുവെന്നും സൂചനയുണ്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ടോറികള്‍ എട്ട് നിലയില്‍ പൊട്ടാതിരിക്കാന്‍ സുനകിനെ മാറ്റണമെന്നും പകരം ബോറിസിനെ കൊണ്ടു വരണമെന്നും വിശ്വസിക്കുന്നത ടോറി എംപിമാര്‍ സമീപകാലത്ത് പെരുകി വരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

ഇതോടെ കണ്‍സര്‍വേറ്റീവ് പാളയത്തിലെ പടലപ്പിണക്കം മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. അടുത്ത ചൊവ്വാഴ്ച പ്രധാനമന്ത്രി സുനക് മുന്‍കൈയെടുക്കുന്ന റുവാണ്ടന്‍ പ്ലാനുമായി ബന്ധപ്പെട്ട ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കാനിരിക്കേയാണ് ടോറികളുടെ ഗ്രൂപ്പ് വഴക്ക് രൂക്ഷമായിരിക്കുന്നതെന്നത് നിര്‍ണായകമാണ്. സുവെല്ലാ ബ്രേവര്‍മാന്റെ ഹോം സെക്രട്ടറി പദവി സുനക് തെറിപ്പിച്ചതിന് ശേഷം സുനക് വിരുദ്ധ പക്ഷം ശക്തിസംഭരിക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തിയെന്നാണ് ഡെയ്‌ലി മെയില്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ സ്ഥാനത്ത് നിന്നും റോബര്‍ട്ട് ജെന്‍ റിക്ക് രാജി വച്ചതോടെ സുനകിനെതിരായ നീക്കം ഒന്ന് കൂടി ശക്തമായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതോ ഹൗസ് ഓഫ് കോമണ്‍സിലെ വോട്ടെടുപ്പില്‍ കൂടുതല്‍ എംപിമാര്‍ സുനകിനെതിരായി നിലകൊള്ളാനുളള സാധ്യതയുമേറിയിരിക്കുകയാണ്. അടുത്തിടെയുണ്ടായ സര്‍വേയില്‍ ജനപ്രിയതയുടെ കാര്യത്തില്‍ ലേബര്‍ പാര്‍ട്ടി ടോറികളെ കടത്തി വെട്ടി മുന്നേറുന്നുവെന്ന പ്രവണതകള്‍ പുറത്ത് വന്നിരുന്നു. സുനകിന്റെ കഴിവ് കേടാണിതിന് കാരണമെന്നാണ് സുനക് വിരുദ്ധര്‍ എടുത്ത് കാട്ടുന്നത്. ഇതിന് പരിഹാരമായി സുനകിന് പകരം ബോറിസിനെ തിരിച്ച് കൊണ്ടു വരികയാണ് ഏക മാര്‍ഗമെന്നും അവര്‍ വാദിക്കുന്നു. കണ്‍സര്‍വേറ്റീവുകള്‍ക്കുളള ജനപിന്തുണ കുറയുന്നുവെന്നും വോട്ടര്‍മാര്‍ കൂടുതലായി നെയ്ജല്‍ ഫരാജിന്റെ ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ പിന്‍മുറക്കാരായ റിഫോം പാര്‍ട്ടിയിലേക്ക് ചേക്കേറുന്നതായും സുനക് വിരുദ്ധര്‍ എടുത്ത് കാട്ടുന്നുണ്ട്.

എന്നാല്‍ സുനകിനെ സ്ഥാനഭ്രഷ്ടനാക്കാനുള്ള ബോറിസ് ക്യാമ്പിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ സുനക് അനുയായികളും കോപ്പ് കൂട്ടുന്നുണ്ട്. ബോറിസ് ക്യാമ്പിന്റെ ഗൂഢതന്ത്രങ്ങളെല്ലാം തങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പിലും സുനക് തന്നെ ടോറികളെ നയിക്കുമെന്നാണ് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ഫരാജിന്റെ പാര്‍ട്ടിയുമായി കൈകോര്‍ത്ത് തങ്ങള്‍ സുനകിനെതിരായി പടയൊരുക്കം നടത്തുന്നുവെന്ന ആരോപണം ശക്തമായി നിഷേധിച്ച് ബോറിസ് ജോണ്‍സന്റെ വക്താവ് രംഗത്തെത്തിയിട്ടുണ്ട്. റുവാണ്ട പ്ലാനുമായി ബന്ധപ്പെട്ട പുതിയ നിയമം പാര്‍ലിമെന്റില്‍ അവതരിപ്പിക്കപ്പെടുന്ന ചൊവ്വാഴ്ച സുനകിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നാണ് രാഷ്ട്രീ വിദഗ്ധര്‍ വിലയിരുത്തുന്നത്.

Other News in this category4malayalees Recommends