കര്‍ണാടകയില്‍ മലയാളി ദമ്പതികളെയും മകളെയും റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; ഇരുവരുടേയും രണ്ടാം വിവാഹം , മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് റിപ്പോര്‍ട്ട്
കഴിഞ്ഞ ദിവസം കര്‍ണാടകയിലെ കുടകില്‍ മലയാളി ദമ്പതികളെയും മകളെയും റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിമുക്ത ഭടനും കോളേജ് അധ്യാപികയും മകളുമാണ് മരിച്ചത്. മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭര്‍ത്താവ് വിനോദ് ബാബുസേനന്‍ വിമുക്തഭടനും ഭാര്യ ജിബി തിരുവല്ലയിലെ കോളേജ് അധ്യാപികയുമാണ്. ഇരുവരുടേയും രണ്ടാം വിവാഹമാണ്.
11കാരിയായ മകള്‍ ജെയ്ന്‍ മരിയ ജേക്കബ് ജിബിയുടെ ആദ്യ വിവാഹത്തിലുണ്ടായ കുട്ടിയാണ്. കുട്ടി ജിബിയുടെ രണ്ടാം വിവാഹത്തിന് ശേഷം ഇവരോടൊപ്പമാണ് താമസിക്കുന്നത്. വിനോദിനും ആദ്യ വിവാഹത്തില്‍ ഒരു കുട്ടിയുണ്ട്. കോട്ടയം അയ്മനം സ്വദേശിയാണ് ജിബി ഏബ്രഹാം. കാസര്‍കോട് സ്വദേശിയുമായിട്ടായിരുന്നു ജിബിയുടെ ആദ്യവിവാഹം. ഈ ബന്ധം വേര്‍പ്പെടുത്തി. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജെയ്ന്‍ മരിയ. വിനോദിന് കരസേനയിലായിരുന്നു ജോലി. 2012ല്‍ തിരിച്ചെത്തിയ ശേഷം വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി നടത്തുകയായിരുന്നു. ഇതിനിടെയാണ് ജിബിയെ പരിചയപ്പെട്ടത്. തിരുവല്ല മാര്‍ത്തോമ്മാ കോളജ് ബയോടെക്‌നോളജി വിഭാഗം അധ്യാപികയായിരുന്നു ജിബി.
ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തത്. തിരുവല്ലയില്‍ അപ്പാര്‍ട്‌മെന്റ് വാടകയ്ക്ക് എടുത്തായിരുന്നു താമസം. കോളജില്‍നിന്ന് ഒരാഴ്ച മുന്‍പ് ജിബി ലീവെടുത്തിരുന്നു. ദില്ലിയിലേക്ക് പോകാനാണ് അവധിയെടുക്കുന്നതെന്നായിരുന്നു പറഞ്ഞത്. തങ്ങളുടെ മരണത്തില്‍ മറ്റാര്‍ക്കും ബന്ധമില്ലെന്നാണ് ഇവരുടെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ എട്ടിന് വൈകുന്നേരം ആറ് മണിക്കാണ് റിസോര്‍ട്ടിലെത്തി ഇവര്‍ മുറിയെടുത്തത്. ശനിയാഴ്ച രാവിലെ മടങ്ങുമെന്നാണ് റിസോര്‍ട്ട് ജീവനക്കാരെ അറിയിച്ചിരുന്നു. മാതാപിതാക്കളെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലും മകളെ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. തങ്ങളുടെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നാണ് മൃതദേഹങ്ങള്‍ക്ക് സമീപത്ത് നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.