ഹമാസുമായി ഒരു ഒത്തുതീര്‍പ്പും ഇല്ല; വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കില്ല; റാഫയില്‍ കടന്നുകയറി ആക്രമിക്കാന്‍ തയ്യാറാകാന്‍ സൈന്യത്തോട് നിര്‍ദ്ദേശം നല്‍കി നെതന്യാഹു

ഹമാസുമായി ഒരു ഒത്തുതീര്‍പ്പും ഇല്ല; വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കില്ല; റാഫയില്‍ കടന്നുകയറി ആക്രമിക്കാന്‍ തയ്യാറാകാന്‍ സൈന്യത്തോട് നിര്‍ദ്ദേശം നല്‍കി നെതന്യാഹു
ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഹമാസ് മുന്നോട്ട് വെച്ച എല്ലാ നിര്‍ദേശവും തള്ളി ഇസ്രയേല്‍. പ്രഖ്യാപിച്ച യുദ്ധത്തില്‍ നിന്ന് പിന്നോട്ട് ഇല്ലെന്നും സൈനിക നടപടികള്‍ തുടരുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഹമാസുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ടുനീങ്ങുന്നില്ല. അവരുടെ നിബന്ധനകള്‍ വിചിത്രമാണെന്നും നെതന്യാഹു പറഞ്ഞു. 135 ദിവസത്തെ വെടിനിര്‍ത്തലാണ് ഹമാസ് മുന്നോട്ടുവച്ചത്.

റാഫയില്‍ കടന്നുകയറി ആക്രമിക്കാന്‍ തയ്യാറാകാന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗാസയിലെ മറ്റു ഭാഗങ്ങളില്‍നിന്ന് അഭയം തേടിയെത്തിയവര്‍ ഉള്‍പ്പെടെ 12 ലക്ഷം പേര്‍ താമസിക്കുന്ന റാഫയില്‍ ആക്രമണം നടത്തിയാല്‍ ജനങ്ങള്‍ എങ്ങോട്ടു പോകുമെന്ന ആശങ്കയിലാണ്.

ഇസ്രയേല്‍ സൈന്യം പൂര്‍ണമായും ഗാസയില്‍ നിന്നും പിന്മാറണമെന്ന് ഹമാസ് നേരത്തെ ആവശ്യപ്പെട്ടത്. എങ്കില്‍ മാത്രമെ പൂര്‍ണമായും വെടിനിര്‍ത്തല്‍ നിര്‍ദേശം നടപ്പാകുവെന്ന് അവര്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ സമയത്തിനിടയില്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ നടത്താറുണ്ട്. അതിനാലാണ് ഇത്തരം ഒരു നിര്‍ദേശം മുന്നോട്ട് വെയ്ക്കുന്നതെന്നും ഹമാസ് പറയുന്നു.

ബന്ദികള്‍ക്കു പകരം പലസ്തീന്‍ തടവുകാരെ കൈമാറുക, ഗാസ പുനര്‍നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങളാണു ഹമാസ് ഉന്നയിച്ചിരിക്കുന്നത്. 45 ദിവസം വീതമുള്ള മൂന്നു ഘട്ടങ്ങളായി ഇസ്രയേല്‍ സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇസ്രയേലിന്റെയും യു.എസിന്റെയും പിന്തുണയോടെ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് വെടിനിര്‍ത്തില്‍ നിര്‍ദേശം മുന്നോട്ട് വെച്ചിരിന്നത്.

ഹമാസിന്റെ ഉപാധികള്‍ പ്രകാരം ആദ്യ 45 ദിവസത്തിനുള്ളില്‍ ബന്ദികളാക്കിയിട്ടുള്ള എല്ലാ ഇസ്രയേലി വനിതകളെയും 19 വയസില്‍ താഴെയുള്ള പുരുഷന്‍മാരെയും മുതിര്‍ന്നവരെയും രോഗികളെയും വിട്ടയയ്ക്കും. പകരമായി ഇസ്രയേലി ജയിലിലുള്ള പലസ്തീന്‍ വനിതാ തടവുകാരെയും കുട്ടികളെയും വിട്ടയയ്ക്കണം. ഗാസയിലെ ജനവാസമേഖലകളില്‍നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍മാറണം. ആശുപത്രികളുടെ പുനര്‍നിര്‍മാണം തുടങ്ങണം.

രണ്ടാം ഘട്ടത്തില്‍ പുരുഷ ഇസ്രയേലിബന്ദികളെ വിട്ടയയ്ക്കും. പകരമായി പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുകയും ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യം പൂര്‍ണമായി പിന്‍മാറുകയും വേണമെന്നാണ് ഹമാസ് ആവശ്യപ്പെട്ടിരിക്കുന്നത്.ഇതാണ് ഇസ്രയേല്‍ തള്ളിയിരിക്കുന്നത്.

Other News in this category



4malayalees Recommends