കൊച്ചി കലൂരിലെ ഇടശ്ശേരി ബാറില്‍ ഇന്നലെ രാത്രി നടന്ന വെടിവെപ്പില്‍ കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെ കേസെടുത്തു. കരുതിക്കൂട്ടിയുള്ള ആക്രമണം, വധശ്രമം, ആയുധം കൈവശംവെക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൈത്തോക്ക് കൊണ്ട് പരുക്കേല്‍പ്പിച്ചു എന്നാണ് എഫ്‌ഐആര്‍.
സംഭവത്തില്‍ രണ്ടു പേര്‍ക്കാണ് വെടിയേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മദ്യപിക്കാനെത്തിയ സംഘത്തിലെ ഒരാളാണ് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ചത്. മദ്യം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെയായിരുന്നു സംഭവം. ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ സംഘം പുറത്തുവെച്ച് വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇത് ചോദ്യം ചെയ്യാനെത്തിയ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു.
ബാറിലെ ജീവനക്കാരായ അഖില്‍, സുജിന്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്. ഇവര്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടാതെ സംഭവസ്ഥലത്ത് ഒരാള്‍ക്ക് ക്രൂരമര്‍ദനമേല്‍ക്കുകയും ചെയ്തു. മര്‍ദനത്തില്‍ പരുക്കേറ്റ ജിതിനെ എറണാകുളം ലിസി ആശുപത്രിയിലേക്ക് മാറ്റി.
KL 51B 2194 എന്ന നമ്പര്‍ വാഹനത്തിലാണ് പ്രതികളെത്തിയത്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കായിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഉടന്‍ പ്രതികളിലേക്ക് എത്താനായേക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.