രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 14ന് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളെ ശിക്ഷാ ഇളവ് നല്‍കി ഖത്തര്‍ വിട്ടയച്ചതിന് തൊട്ടുപിന്നാലെയാണ് സന്ദര്‍ശനത്തെക്കുറിച്ചുള്ള പ്രഖ്യാപനം. മുന്‍ സൈനികരില്‍ ഏഴുപേര്‍ ഇന്നലെ രാവിലെ ഇന്ത്യയിലേക്ക് മടങ്ങി.
കേസിലെ സംഭവവികാസങ്ങള്‍ പ്രധാനമന്ത്രി മോദി നേരിട്ടു നിരീക്ഷിച്ചതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ഖത്തറിന്റെ തീരുമാനത്തില്‍ തങ്ങള്‍ സന്തുഷ്ടരാണ്. ഉഭയകക്ഷി ബന്ധം കൂടുതല്‍ വിപുലീകരിക്കുന്നതിന് മോദിയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും വിപുലമായ ചര്‍ച്ചകള്‍ നടത്തുമെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
ചാരവൃത്തി ആരോപിച്ച് ഖത്തര്‍ കോടതി രണ്ടു തവണ ശിക്ഷവിധിച്ച ശേഷം മുന്‍ സേനാംഗങ്ങളെ വിട്ടയച്ചത് ഇന്ത്യയുടെ മഹത്തായ നയതന്ത്ര വിജയമാണെന്ന് അന്താരാഷ്ട്ര വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എട്ടു പേരെയും വിട്ടയച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പുലര്‍ച്ചെയാണ് അറിയിച്ചത്.