വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തില്‍ ഇന്ത്യയില്‍ നിന്ന് ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളാണ് ഏറെ മുന്നില്‍. കാനഡയിലെ ഇന്ത്യക്കാര്‍ നിലവില്‍ കുടിയേറ്റ പ്രശ്നം അതിതീവ്രമായി അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍, അതില്‍ ഗുരുതര പ്രശ്നം നേരിടുന്നത് പഞ്ചാബില്‍ നിന്നുള്ളവരാണ്.
പഞ്ചാബികളോടുള്ള കനേഡിയന്‍ ജനതയുടെ സമീപനം ഇപ്പോള്‍ അത്ര സുഖകരമല്ല. കാനഡയില്‍ വന്ന് തങ്ങളുടെ തന്നെ സര്‍ക്കാരിനെതിരെയും നയങ്ങള്‍ക്കെതിരെയും ശബ്ദമുയര്‍ത്തുന്നവരെ നാടുകടത്തുന്ന സാഹചര്യമാണിത്. കാനഡയില്‍ താമസിച്ച് പഠിച്ച് പഠനത്തോടൊപ്പം ജോലിയും ചെയ്യാമെന്ന പഞ്ചാബി വിദ്യാര്‍ത്ഥികളുടെ സ്വപ്നം കൊഴിഞ്ഞുതുടങ്ങി. ജീവിത ചിലവുകള്‍ കൂടി.അതിജീവിക്കാന്‍ വേണ്ടി കോളജ് കഴിഞ്ഞ് എല്ലാ ആഴ്ചയും 50 മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരുന്നു ഇവരില്‍ പലര്‍ക്കും. ഉയര്‍ന്ന പണപ്പെരുപ്പം നിരവധി വിദ്യാര്‍ത്ഥികളെ അവരുടെ പഠനം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുകയാണ്. കാനഡയില്‍ മികച്ച ജീവിതം സ്വപ്നം കണ്ട് ഇങ്ങനെ പോയവരില്‍ ഭൂരിഭാഗവും തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരും അതിന് ശ്രമിക്കുന്നവരുമാണ്. ഇപ്പോള്‍ കാനഡയില്‍ പോയ പഞ്ചാബികളില്‍ മിക്കവരും റിവേഴ്സ് കുടിയേറ്റക്കാരാണ്.
2023 ന്റെ രണ്ടാം പകുതിയില്‍ കനേഡിയന്‍ സ്റ്റഡി പെര്‍മിറ്റുകള്‍ക്കായുള്ള ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകളില്‍ 40% കുറവുണ്ടായെന്നാണ് കണക്ക്. ഖലിസ്ഥാനി വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷങ്ങളും കനേഡിയന്‍ മണ്ണിലെ റിവേഴ്സ് കുടിയേറ്റത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍.
സമീപവര്‍ഷങ്ങളില്‍ ലോകമെമ്പാടുനിന്നും കാനഡയിലേക്ക് കുടിയേറിയവരില്‍ അഞ്ചില്‍ ഒരാള്‍ ഇന്ത്യക്കാരാണ്. 2022ല്‍ കാനഡയിലേക്ക് കുടിയേറിവരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്. വിദേശ വിദ്യാര്‍ത്ഥികള്‍ കാനഡയുടെ സമ്പദ്വ്യവസ്ഥയിലേക്ക് ഓരോ വര്‍ഷവും 20 ബില്യണ്‍ കനേഡിയല്‍ ഡോളറിന് മുകളിലാണ് സംഭാവന ചെയ്യുന്നത്.
2019 മുതല്‍ ഈ റിവേഴ്സ് മൈഗ്രേഷന്‍ നിരക്ക് വളരെ കൂടുതലാണ്. 2021ലും 2022ലും 80,000നും 90,000നും ഇടയില്‍ കുടിയേറ്റക്കാര്‍ കാനഡ വിട്ട് സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചുപോയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 202 ന്റെ ആദ്യ പകുതിയില്‍ മാത്രം ഏകദേശം 42,000 ആളുകള്‍ കാനഡ വിട്ടു.വിദേശവിദ്യാര്‍ത്ഥി പെര്‍മിറ്റുകളില്‍ പരിധി കൊണ്ടുവന്ന ജസ്റ്റിന് ട്രൂഡോയുടെ നയങ്ങളും റിവേഴ്സ് കുടിയേറ്റത്തിന് പ്രധാന കാരണമായിട്ടുണ്ട്. ഇമിഗ്രേഷന്‍ അഡ്വക്കസി ഗ്രൂപ്പായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കാനഡ വിടുന്ന കുടിയേറ്റക്കാരുടെ നിരക്ക് 2019ല്‍ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി
കാനഡയില്‍ ലഭിക്കുന്ന ആകെ വരുമാനത്തിന്റെ ശരാശരി 60 ശതമാനം വാടകയ്ക്ക് വേണ്ടിവരും. വാന്‍കൂവറില്‍ ഇത് 98 ശതമാനമായും ടൊറന്റോയില്‍ 80 ശതമാനമായും ഉയരുമെന്നാണ് റോയല്‍ ബാങ്ക് ഓഫ് കാനഡയുടെ സെപ്റ്റംബറിലെ ഡാറ്റ സൂചിപ്പിക്കുന്നത്. പലയിടത്തും ഒറ്റമുറി ബേസ് അപ്പാര്‍ട്ട്മെന്റിന് മാത്രം വരുമാനത്തിന്റെ മുപ്പത് ശതമാനം വാടക ഇനത്തില്‍ നല്‍കണം.