തമിഴ്‌നാട്ടില്‍ പഞ്ഞിമിഠായിയുടെ വില്പനയ്ക്കും ഉത്പാദനത്തിനും നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ക്യാന്‍സറിന് കാരണമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തലിന് പിന്നാലെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ചെന്നൈയ്ക്ക് സമീപത്തുള്ള ഗിണ്ടിയിലെ ലബോറട്ടറിയില്‍ നിറമുള്ള പഞ്ഞിമിഠായിയുടെ സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. പരിശോധനയില്‍ തുണികള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന റോഡമൈന്‍ബി എന്ന ടോക്‌സിക്ക് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തി. മനുഷ്യന് ഹാനികരമായ ഈ കെമിക്കല്‍ അടങ്ങിയ ഭക്ഷ്യ വസ്തുക്കളുടെ നിര്‍മ്മാണം, പാര്‍ക്കിങ്, വില്‍പ്പന, ഇറക്കുമതി, വിതരണം എന്നിവ നടത്തുന്നത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിയമപ്രകാരം കുറ്റകരമാണെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പഞ്ഞിമിഠായിയില്‍ റോഡമൈന്‍ബി എന്ന ടോക്‌സിക്ക് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച പുതുച്ചേരിയില്‍ പഞ്ഞിമിഠായിയുടെ വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.