ബ്രിസ്റ്റോളിലെ വീട്ടില്‍ മൂന്നു കുട്ടികളുടെ മൃതദേഹം ; അമ്മ അറസ്റ്റില്‍

ബ്രിസ്റ്റോളിലെ വീട്ടില്‍ മൂന്നു കുട്ടികളുടെ മൃതദേഹം ; അമ്മ അറസ്റ്റില്‍
ബ്രിസ്റ്റോളില്‍ വീട്ടിലെ മൂന്ന് കുട്ടികളുടെ മൃതദേഹം കണ്ടെത്തി. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ഒരു സ്ത്രീ അറസ്റ്റിലായി. ഞായറാഴ്ച്ച ഉച്ച തിരിഞ്ഞ് 12.40 ന് ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഏവണ്‍ ആന്‍ഡ് സോമര്‍സെറ്റ് പോലീസിലെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്.

മൂന്ന് ചെറിയ കുട്ടികളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.സഹോദരങ്ങളായ ഏഴു വയസ്സുകാരന്‍ ഫറസ് ബാഷ്, മൂന്ന് വയസ്സുള്ള ജൂറി ബാഷ്, ഒന്‍പത് മാസം മാത്രം പ്രായമുള്ള മൊഹമ്മദ് ബാഷ് എന്നിവരാണ് മരണമടഞ്ഞതെന്ന് പോലീസ് വെളിപ്പെടുത്തി.

സംഭവത്തില്‍ 42 കാരിയായ ഒരു യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ ചികിത്സ തേടുകയാണ്. അയല്‍ക്കാരില്‍ ഒരാളാണ് സംശയത്തെ തുടര്‍ന്ന് പൊലീസിനെ ഫോണിലൂടെ വിവരം അറിയിച്ചത്. മരണ കാരണം അറിയുവാനായി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും.

കേസ് അന്വേഷണ ഘട്ടത്തിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും പോലീസ് പറഞ്ഞു. മറ്റ് നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

സംഭവ സ്ഥലത്തു വെച്ചു തന്നെയാണ് 42 കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തത്. അവര്‍ക്ക് മുറിവേറ്റിട്ടുള്ളതിനാല്‍ പോലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുറിവുകള്‍ അത്ര ഗുരുതരമല്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച്ച മുതല്‍ സംഭവസ്ഥലം പോലീസിന്റെ നിരീക്ഷണത്തിലാണ്. സ്ത്രീയും അവരുടെ ഭര്‍ത്താവും സുഡാന്‍ വംശജരാണെന്നും അയല്‍ക്കാര്‍ പറയുന്നു.വിശദ അന്വേഷണം തുടങ്ങി.

Other News in this category4malayalees Recommends