'ആര്‍ട്ടിക്കിള്‍ 370' സിനിമ കാണാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി, നന്ദി അറിയിച്ച് നടി യാമി ഗൗതം

'ആര്‍ട്ടിക്കിള്‍ 370' സിനിമ കാണാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി, നന്ദി അറിയിച്ച് നടി യാമി ഗൗതം
നടി യാമി ഗൗതം പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് 'ആര്‍ട്ടിക്കിള്‍ 370'. ആദിത്യ സുഹാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം കാണാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

പ്രധാനമന്ത്രി ചിത്രത്തെ പ്രശംസിച്ചു. ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനിടെ വന്‍ ജനാവലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് ഈ സിനിമ കാണാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.

ഈ വിഷയത്തില്‍ ആളുകള്‍ക്ക് കൃത്യമായ വിവരവും ധാരണയും ലഭിക്കാന്‍ സിനിമ സഹായിക്കുന്നത് നല്ല കാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ചുകൊണ്ട് നടി യാമി ഗൗതമും രംഗത്തെത്തി.

'പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍ട്ടിക്കിള്‍ 370 എന്ന സിനിമയെക്കുറിച്ച് പരാമര്‍ശിച്ചത് വലിയ അംഗീകാരമായി കാണുന്നു. എല്ലാ പ്രതീക്ഷകളെയും മറികടക്കുന്ന വിധത്തില്‍ അസാമാന്യമായ കഥ നിങ്ങളിലേക്ക് എത്തിക്കാനാകുമെന്നു തന്നെ ഞാനും ടീമും ഉറച്ചു വിശ്വസിക്കുന്നു' എന്ന് യാമി പറഞ്ഞു.

മോദിയുടെ പ്രസംഗത്തിലെ ഭാഗം പങ്കുവച്ച് യാമി ഗൗതം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹത്തിന് നന്ദി അറിയിച്ചത്. ഈ മാസം 23നാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്.

Other News in this category4malayalees Recommends