തെലങ്കാനയില്‍ റോഡപകടത്തില്‍ എംഎല്‍എ മരിച്ചു; അപകട കാരണം ഡ്രൈവര്‍ ഉറങ്ങിയതാവാമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം

തെലങ്കാനയില്‍ റോഡപകടത്തില്‍ എംഎല്‍എ മരിച്ചു; അപകട കാരണം ഡ്രൈവര്‍ ഉറങ്ങിയതാവാമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം
തെലങ്കാനയിലെ ബിആര്‍എസ് എംഎല്‍എ ജി ലാസ്യ നന്ദിത വാഹനാപകടത്തില്‍ മരിച്ചു. സംഗറെഡ്ഡി ജില്ലയിലെ പട്ടഞ്ചെരുവില്‍ ഔട്ടര്‍ റിംഗ് റോഡില്‍ രാവിലെ 6.30ന് ആയിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട എംഎല്‍എയുടെ വാഹനം റോഡിലെ മെറ്റല്‍ ബാരിയറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.

അപകടം നടന്ന ഉടനെ നന്ദിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ തുടരുന്നു. സെക്കന്തരാബാദ് കന്റോണ്‍മെന്റ് മണ്ഡലത്തിലെ എംഎല്‍എയാണ് ലാസ്യ നന്ദിത. ഡ്രൈവര്‍ ഉറങ്ങിയതാവാം അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അന്തരിച്ച മുന്‍ ബിആര്‍എസ് നിയമസഭാംഗം ജി സായണ്ണയുടെ മകളാണ് ലാസ്യ. പത്ത് ദിവസം മുന്‍പ് നര്‍ക്കട്ട് പള്ളിയില്‍ നടന്ന മറ്റൊരു അപകടത്തില്‍ നിന്ന് ലാസ്യ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. എന്നാല്‍ അന്ന് സംഭവിച്ച അപകടത്തില്‍ എംഎല്‍എയുടെ സുരക്ഷ ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു.

Other News in this category



4malayalees Recommends