സെലിബ്രിറ്റികളെ വലച്ച് ഇന്‍സ്റ്റഗ്രാമിലെ പുതിയ ട്രെന്‍ഡ്. പഠിക്കണമെങ്കില്‍ ഇഷ്ട താരം കമന്റ് ചെയ്യണം എന്ന പോസ്റ്റുകളും റീലുകളുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. രണ്ട് വിദ്യാര്‍ത്ഥിനികള്‍ ഇത്തരത്തില്‍ റീല്‍ പോസ്റ്റ് ചെയ്ത ശേഷം തെന്നിന്ത്യന്‍ താരം വിജയ് ദേവരകൊണ്ട മറുപടി നല്‍കിയത് വാര്‍ത്തയായി മാറിയിരുന്നു.
ഇതിന് പിന്നാലെ മറ്റ് താരങ്ങളോടും അഭ്യര്‍ത്ഥനയുമായി ഇത്തരത്തിലുള്ള റീലുകള്‍ പങ്കുവച്ച് എത്തുകയാണ് പലരും. സമാനമായൊരു വീഡിയോക്ക് കമന്റ് ചെയ്തിരിക്കുകയാണ് ടൊവിനോ തോമസ് ഇപ്പോള്‍. താഹ ഹസൂന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോക്ക് മറുപടിയായാണ് ടൊവിനോ കമന്റ് ചെയ്തിരിക്കുന്നത്.
'ഈ വീഡിയോക്ക് ടൊവിനോ തോമസ് കമന്റ് ചെയ്താല്‍ ഞാന്‍ എന്റെ പരീക്ഷയ്ക്കായുളള തയാറെടുപ്പുകള്‍ ആരംഭിക്കും' എന്ന ക്യാപ്ഷനോടെയാണ് താഹ ഹസൂന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ എത്തിയത്. വീഡിയോ പോസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനകം തന്നെ അത് ടൊവിനോയുടെ ശ്രദ്ധയില്‍പ്പെട്ടു.
'പോയിരുന്ന് പഠിക്ക് മോനെ' എന്നായിരുന്നു നടന്റെ മറുപടി. ടൊവിനോയുടെ കമന്റിന് താഴെ നിരവധി പേരാണ് വിശേഷം അന്വേഷിച്ചുകൊണ്ടും ഹായ് പറഞ്ഞുകൊണ്ടും എത്തിയിരിക്കുന്നത്. ഇതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.