കര്‍ണാടക രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയാഘോഷത്തെ ബിജെപി വളച്ചൊടിച്ചു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നസീര്‍ ഹുസൈനുമായി അണികള്‍ നടത്തിയ ആഹ്‌ളാദ പ്രകടനത്തെയാണ് ബിജെപി വളച്ചൊടിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചതായി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു. എന്നാല്‍ നസീര്‍ സാബ് സിന്ദാബാദ് എന്നായിരുന്നു പ്രവര്‍ത്തകര്‍ വിളിച്ചത്.
അമിത് മാളവ്യ എക്‌സില്‍ വീഡിയോ പങ്കുവച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. 'പാകിസ്താനോടുള്ള കോണ്‍ഗ്രസിന്റെ അഭിനിവേശം അപകടകരമാണ്. ഇത് രാജ്യത്തെ വിഭജനത്തിലേക്ക് നയിക്കും. നമുക്ക് അത് താങ്ങാന്‍ കഴിഞ്ഞില്ലെന്ന് വരാം' എന്നായിരുന്നു അമിത് മാളവ്യ എക്‌സില്‍ കുറിച്ചത്.
അമിത് മാളവ്യക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ് രംഗത്തെത്തി. നസീര്‍ സാബ് സിന്ദാബാദ് എന്നതിനെ പാകിസ്താന്‍ സിന്ദാബാദ് എന്ന് വളച്ചൊടിച്ചുവെന്നും ഇത് ബിജെപി മാനസികമായി തകര്‍ച്ച നേരിട്ടതിന്റെ ഭാഗമാണെന്നും ശ്രീനിവാസ് പറഞ്ഞു. ഇത് നിങ്ങളുടെ ഭാവനയിലുള്ള രാജ്യമല്ലെന്നും നാണമില്ലാതെ കള്ളം പറയരുതെന്നും ശ്രീനിവാസ് കുറിച്ചു.